09 July, 2023 12:09:30 PM
വേലിയില്‍നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ച സംഭവം: സ്ഥലം ഉടമ കസ്റ്റഡിയിൽ
പാലക്കാട്: വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ച സംഭവത്തില്‍ സ്ഥലം ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. വല്ലപ്പുഴ സ്വദേശി മൂസയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പട്ടാമ്പി പോലീസ് കേസെടുത്തത്. ചെറുകാട് ചോലയില്‍ ശ്രീകുമാരനാണ് ഷോക്കേറ്റ് മരിച്ചത്.
വ്യാഴാഴ്ച രാത്രി പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. പാടത്തോട് ചേര്‍ന്നുള്ള മൂസയുടെ കൃഷിയിടത്തില്‍ പന്നികളെ തുരത്താനായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍നിന്നാണ് ഷോക്കേറ്റത്. കൃഷിയിടത്തിലെ മോട്ടോര്‍ പുരയില്‍നിന്ന് അനധികൃതമായാണ് വേലിയിലേക്ക് വൈദ്യുതി എടുത്തിരുന്നതെന്ന് കണ്ടെത്തിയിരുന്നു.