05 July, 2023 08:59:34 AM
തോട്ടപ്പള്ളി പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: തോട്ടപ്പള്ളി പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഐആർഇയുടെ എസ്‌കവേറ്റർ ജീവനക്കാരനായ രാജ്‌കുമാറാണ് മരിച്ചത്. ഇയാൾ ബീഹാർ സ്വദേശിയായിരുന്നു. ഇന്ന് രാവിലെ പൊഴിയുടെ തെക്ക് ഭാഗത്താണ് രാജ്‌കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പൊഴി മുറിക്കൽ ജോലി നടക്കുന്നതിനിടെ വള്ളത്തിൽ വരുമ്പോൾ ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞാണ് അപകടം സംഭവിച്ചത്.
ഇന്നലെ കാണാതായ രാജ് കുമാറിന് വേണ്ടി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ തിരച്ചിൽ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.