03 July, 2023 08:57:10 AM


കണ്ണൂരിൽ സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചു


കണ്ണൂർ: സഹോദരനെയും സഹോദരന്‍റെ ഭാര്യയെയും മകനെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ തൂങ്ങി മരിച്ചനിലയിൽ. കണ്ണൂർ പാട്യം പത്തായക്കുന്നിലാണ് സംഭവം. പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് തൂങ്ങിമരിച്ചത്. 47 വയസായിരുന്നു. ഇന്നലെ രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് അനുജൻ രജീഷ് (40), രജീഷിന്‍റെ ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് (ആറ്) എന്നിവർക്കാണ് അക്രമത്തിൽ പൊള്ളലേറ്റത്. 

സംഭവത്തില്‍ സഹോദരനും സഹോദരന്‍റെ ഭാര്യക്കും ആറ് വയസ്സുള്ള മകനും പൊള്ളലേറ്റു. തീയിട്ടതിനു ശേഷം രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. പൊള്ളലേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുംബപ്രശ്‌നമാണ് രഞ്ജിത്തിനെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രജീഷും ഭാര്യയും മകനും വീട്ടിലെ ഡൈനിങ് ഹാളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രഞ്ജിത്ത് വഴക്കുകൂടുകയും തുടർന്ന് തറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. തീ പടർന്നതോടെ രജീഷിനും ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. സാരമായി പൊള്ളലേറ്റ സുബിനയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രഞ്ജിത്തിനെ അയല്‍വാസികള്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തീ പടർന്ന് ഡൈനിങ് ഹാളിലെ കട്ടിലും കിടക്കയും ഉപകരണങ്ങളുമൊക്കെ കത്തിക്കരിഞ്ഞു. പരേതനായ തയ്യിൽ നാരായണന്‍റെയും  നളിനിയുടെയും മക്കളാണ് രഞ്ജിത്തും രജീഷും. ഇരുവരും ആശാരിപ്പണിക്കാരാണ്. കതിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K