29 June, 2023 07:40:30 PM


പാലക്കാട് നവദമ്പതികളുടെ തല കൂട്ടിയിടിച്ച സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മിഷൻ



പാലക്കാട്: പല്ലശ്ശനയിൽ വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്‍റ തലയും വരന്‍റെ തലയും തമ്മിൽ ശക്തിയിൽ കൂട്ടിമുട്ടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി.

പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഗൃഹ പ്രവേശന സമയത്താണ് സംഭവം നടന്നത്. ഇരുവരുടെയും തല തമ്മിൽ കൂട്ടിമുട്ടിച്ചത് പിന്നിൽ നിന്ന അയൽവാസിയായിരുന്നു. അപ്രതീക്ഷിതമായി തല കൂട്ടി ഇടിച്ചതു കാരണം സജ്‌ല ഞെട്ടുന്നതും സങ്കടവും ദേഷ്യവും കാരണം കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും വീഡിയോയില്‍‌ കാണാമായിരുന്നു.

നിലവിളക്കെടുത്ത് കരഞ്ഞുകൊണ്ട് ഭര്‍തൃവീട്ടിലേക്ക് കയറേണ്ട അവസ്ഥയായിപ്പോയെന്ന് സജ്ല വിശദമാക്കുന്നു. തനിക്ക് നേരിട്ട അവസ്ഥ മറ്റാര്‍ക്കും വരരുതേയെന്നാണ് സജ്ല പ്രതികരിക്കുന്നത്. നവവധു പൊട്ടിക്കരഞ്ഞ് നിലവിളക്ക് എടുക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവരും സങ്കടത്തിലായിപ്പോയെന്നും സച്ചിനും പറയുന്നു. ഇടിച്ച ആളുമായി സംസാരിച്ചിരുന്നെന്നനും സച്ചിന്‍ പറയുന്നു. തലമുട്ടല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തിൽ രൂക്ഷമായ വിമർശനമാണ് പല കോണുകളിൽ നിന്ന ഉയര്‍ന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K