28 June, 2023 06:16:03 PM
ഇടിച്ചിട്ട പെട്ടി ഓട്ടോ ശരീരത്തിലൂടെ കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം
ഇടുക്കി: തടിയമ്പാട് ടൗണിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരിച്ചു. തടിയമ്പാട് കേശമുനി സ്വദേശി നെല്ലിക്കുന്നേൽ തോമസ് (86) ആണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. തടിയമ്പാട് ടൗണിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് പോകുന്ന വഴി ഷാപ്പിന് സമീപത്തുവച്ചാണ് അപകടം നടന്നത്. വാഹനം ഇടിച്ച് നിലത്ത് വീണ തോമസിന്റെ ശരീരത്തിലൂടെ പിന്നോട്ട് ഉരുണ്ട വാഹനം കയറി ഇറങ്ങുകയായിരുന്നു.
ഉടൻ തന്നെ തോമസിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഇടുക്കി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തിന് കാരണമായ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.