27 June, 2023 10:44:09 AM


ഇടുക്കി ജില്ലയിൽ ആഫ്രിക്കന്‍ പന്നിപ്പനി; പന്നികളെ ദയാവധത്തിന് വിധേയമാക്കും



തൊടുപുഴ: ഇടുക്കി ജില്ലയിൽ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. പടമുഖത്തെ ബീനാ ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. 

ഈ ഫാമില്‍ 250 ഓളം പന്നികളുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് പന്നികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാംപിളുകള്‍ ശേഖരിച്ച് ബംഗളൂരുവിലെ ലാബില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു.

പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. സമീപത്തെ ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും.   

പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളാണ് ഈ രോഗബാധിത മേഖലയില്‍ ഉള്‍പ്പെടുക. ഇവിടെ പന്നി മാംസം വില്‍ക്കുന്നതും പന്നികളെ കൊണ്ടുപോകുന്നതും നിരോധനം ഏര്‍പ്പെടുത്തി.

നേരത്തെ ജില്ലയില്‍ വ്യാപകമായി പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ച പന്നികളെ വില്‍പന നടത്തിയോ എന്ന കാര്യം അന്വേഷിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ്, ഇരിട്ടി ആറളം പഞ്ചായത്തിലെ സ്വകാര്യ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K