24 June, 2023 04:37:55 PM
വ്യാജരേഖ കേസ്: കെ വിദ്യക്ക് കർശന ഉപാധികളോടെ ജാമ്യം
പാലക്കാട്: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ രേഖ ചമച്ചെന്ന കേസിൽ മുൻ വിദ്യാർത്ഥിനി കെ വിദ്യയ്ക്ക് ജാമ്യം. മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. ഒരു മണിയോടെയാണ് വിദ്യയെ കോടതിയിൽ ഹാജരാക്കിയത്.
പാലക്കാട് അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. ഇതിനിടയിൽ, കരിന്തളം ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ വിദ്യയെ അറസ്റ്റ് ചെയ്യാൻ നീലേശ്വരം പൊലീസ് മണ്ണാർക്കാട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിന് ഐ.പി.സി. 471, 465 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യക്കെതിരേ കേസെടുത്തത്. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പാസ്പോർട്ട് ഹാജരാക്കണം. കേരളം വിട്ടു പോകരുത്. സാക്ഷികളെ സ്വാധീനിക്കരുത്. 50,000 രൂപ കെട്ടിവയ്ക്കണം. ഒന്നിട വിട്ടുള്ള ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നതടക്കമുള്ള കർശന ഉപാദികളോടെയാണ് ജാമ്യം.
രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിനു കസ്റ്റഡിയിൽ എടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകും.