22 June, 2023 06:16:52 PM
പ്രസവത്തെ തുടർന്ന് മരിച്ച നവജാത ശിശുവിനെ ആശുപത്രിയിലെ വേസ്റ്റ് ബിന്നിൽ കണ്ടെത്തി
ഒറ്റപ്പാലം: നാലാം മാസത്തിലെ പ്രസവത്തെ തുടർന്ന് മരിച്ച നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നിലയിൽ. ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഒറ്റപ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിലാണ് നാല് മാസം പ്രായമായ ആൺകുട്ടിയുടെ മൃതദേഹം വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്. വാണിയംകുളം സ്വദേശിനിയായ യുവതി ബന്ധുവിനൊപ്പം കൂട്ടിരിപ്പുകാരിയായി ആശുപത്രിയിൽ എത്തിയതാണ്.
ഇന്നലെ രാത്രിയാണ് യുവതി നാലുമാസം പ്രായമായ ആൺകുഞ്ഞിനെ പ്രസവിച്ചത്. പൂർണ വളർച്ചയാവാത്ത കുഞ്ഞ് മരണപ്പെടുകയായിരുന്നു. ശേഷം യുവതി ശുചിമുറിക്ക് സമീപത്തെ വേസ്റ്റ് ബിന്നിൽ മരിച്ച കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചു.
ഇന്ന് പുലർച്ചെയാണ് സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. ആശുപത്രിയിലെ ക്ലീനിങ് തൊഴിലാളികളാണ് വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നിലയിൽ നവജാതശിശുവിന്‍റെ മൃതദേഹം ആദ്യം കാണുന്നത്.
ഇതേത്തുടർന്ന് ഒറ്റപ്പാലം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രസവിച്ച യുവതി അതേ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്.