19 June, 2023 08:31:59 AM
കാപ്പികോ റിസോർട്ട് പൂർണമായി പൊളിച്ചുനീക്കി: 2.9397 ഹെക്ടർ സ്ഥലം ഉടമകൾക്കു വിട്ടുനൽകും
ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച കാപ്പികോ റിസോർട്ട് പൂർണമായി പൊളിച്ചുനീക്കി. ഇതോടെ തൊഴിലിടം തിരിച്ചുപിടിക്കാൻ മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമയുദ്ധത്തിന് വിജയകരമായ പരിസമാപ്തി. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപിൽ തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച റിസോർട്ടാണ് പൂർണമായും പൊളിച്ചുനീക്കിയത്.
തീരദേശ നിയമം ലംഘിച്ചാണ് റിസോർട്ട് നിർമിച്ചതെന്നു കാണിച്ചു ചേർത്തല പാണാവള്ളിയിലെ മത്സ്യതൊഴിലാളികൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കെട്ടിടം പൊളിച്ചുനീക്കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടത്.
ഏകദേശം 11 ഏക്കറോളം വരുന്ന ദ്വീപിലാണ് റിസോർട്ട് നിർമിച്ചത്. 35,900 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടവും 54 വില്ലകളും ഓഫീസ് ഉൾപ്പടെയുള്ള മറ്റു കെട്ടിടങ്ങളുമാണ് പൊളിച്ചുനീക്കിയത്. പൊളിക്കാൻ സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചിരുന്നു.
ഇതു പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടുമെന്നു സംസ്ഥാന ചീഫ് സെക്രട്ടറിക്കു മുന്നറിയിപ്പും നൽകിയിരുന്നു. 2008ൽ നിർമാണം തുടങ്ങിയ റിസോർട്ട് കെട്ടിടങ്ങൾ 2012ൽ ഏകദേശം പൂർത്തിയാക്കിയത്. കാപ്പികോ എന്ന രാജ്യാന്തര ഹോട്ടൽ ശ്യംഖലയുമായി ചേർന്നു ഒരു വ്യവസായ ഗ്രൂപ്പ് ആണ് റിസോർട്ട് നിർമിച്ചത്.
ആദ്യം ദ്വീപിലെ പട്ടയമുള്ളവരിൽനിന്ന് ഇരട്ടി വില കൊടുത്തു സ്ഥലം സ്വന്തമാക്കുകയാണ് ഇവർ ചെയ്തത്. 3.6 ഏക്കർ പട്ടയഭൂമിയിൽ തുടങ്ങിയ നിർമാണം പൂർത്തിയായപ്പോൾ 11 ഏക്കറിൽ പരന്നു കിടക്കുന്ന വന്പൻ റിസോർട്ട് ആയി മാറി.
വേമ്പനാട്ടു കായലിന്റെ ആവാസ വ്യവസ്ഥിതിയെയും മത്സ്യസമ്പത്തിനെയും റിസോർട്ട് പ്രതികൂലമായി ബാധിച്ചതോടെയാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും നിയമനടപടിയുമായി മുന്നോട്ടുപോയത്.
2013 ജൂലൈയിൽ പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പൊളിച്ചുനീക്കണമെന്നു തന്നെയായിരുന്നു ഉത്തരവ്. തുടർന്ന് ജില്ലാ കളക്ടർ, സബ് കളക്ടർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പൊളിക്കൽ തുടങ്ങിയത്. ഉടമകൾ സമർപ്പിച്ച പ്ലാൻ അടിസ്ഥാനമാക്കിയാണ് പൊളിക്കൽ പൂർത്തീകരിച്ചത്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിലാണ് പൊളിക്കലും അവശിഷ്ടങ്ങൾ നീക്കലും നടന്നത്. ദ്വീപിലെ 7.0212 ഹെക്ടർ ഭൂമിയിൽ റിസോർട്ടിനു പട്ടയമുള്ള 2.9397 ഹെക്ടർ സ്ഥലം റിസോർട്ട് ഉടമകൾക്കു വിട്ടുനൽകും എന്ന് അധികൃതർ അറിയിച്ചിരുന്നു.