18 June, 2023 10:14:09 AM
വ്യാജ ഡിഗ്രി വിവാദം: എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിക്കെതിരേ പാർട്ടി നടപടി
ആലപ്പുഴ: വ്യാജ ഡിഗ്രി വിവാദത്തിൽ എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരേ നടപടി. നിഖിലിനെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽനിന്നു നീക്കാൻ പാർട്ടി നിർദേശം നൽകി. ഇക്കാര്യം സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ സ്ഥിരീകരിച്ചു. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റിനെ ചൊല്ലിയാണ് വിവാദം. ആരോപണം ഗൗരവതരമെന്നു കണ്ടതിനു പിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ഫ്രാക്ഷൻ യോഗം നിഖിലിനെ വിളിച്ചുവരുത്തി വിശദീകരണം തേടി.
നിലവിൽ കായംകുളം എംഎസ്എം കോളജ് രണ്ടാം വർഷ എംകോം വിദ്യാർഥിയാണ് നിഖിൽ. എംകോം പ്രവേശനത്തിന് നിഖില്‍ തോമസ് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018 - 2020 കാലഘട്ടത്തിലാണ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജില്‍ ബികോം പഠിച്ചത്. ഈ കാലത്ത് 2019ൽ കായംകുളം എംഎസ്എം കോളജിൽ യുയുസിയും 2020ല്‍ സര്‍വകലാശാലാ യൂണിയന് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 2021 ല്‍ കായംകുളം എംഎസ്എം കോളജിൽ തന്നെ എംകോമിനു ചേര്‍ന്നു. ഇതാണ് വിവാദമായത്.
പ്രവേശനത്തിനായി 2019 - 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്. ബികോം പാസായതിനു ശേഷമാണോ ഇയാൾ പ്രവേശനം നേടിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല.ഒരേ കാലത്ത് എങ്ങനെ കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്നാണ് പരാതിക്കാരി ചോദിച്ചത്. നിഖിലിന്റെ ജൂണിയർ വിദ്യാർഥിയായിട്ടുള്ള എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമാണ് രേഖാമൂലം തെളിവ് സഹിതം പരാതി നൽകിയത്.