15 June, 2023 03:40:50 PM
ടി പി വധക്കേസ് പ്രതിയെ കണ്ണൂർ ജയിലിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് കർണാടക പൊലീസ്
കണ്ണൂര്‍: ടി പി വധക്കേസിലെ പ്രതി ടി കെ രജീഷിനെ കണ്ണൂര്‍ സെൻട്രൽ ജയിലിൽ നിന്നും കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗ്ലൂരുവിൽ നിന്നും തോക്ക് പിടിച്ചെടുത്ത സംഭവത്തിലാണ് കസ്റ്റഡി.
ബെംഗ്ലൂരുവിൽ നിന്നെത്തിയ പൊലീസ് സംഘമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രജീഷിനെ കസ്റ്റഡിയിലെടുത്തത്. രജീഷിന്‍റെ നിർദ്ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയെന്നാണ് കേസ്. ജൂൺ 9-ന് മലയാളിയായ നീരജ് ജോസഫ് എന്നയാൾ മൂന്ന് പിസ്റ്റളുകളും 99 ബുള്ളറ്റുകളുമായി ബെംഗളുരുവിൽ പിടിയിലായിരുന്നു.
കബ്ബൻ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഒരു ബിഎംഡബ്ല്യു കാറിൽ ആണ് ഇയാൾ ആയുധങ്ങൾ കടത്താൻ ശ്രമിച്ചത്. മ്യാന്മറിൽ നിന്ന് നാഗാലാൻഡ് അതിർത്തി വഴിയാണ് ഇയാൾ തോക്കുകൾ ഇന്ത്യയിലേക്ക് കടത്തിയത്. 70,000 രൂപയ്ക്കാണ് ഇയാൾ തോക്കുകൾ വാങ്ങിയത്. തോക്കുകൾ കേരളത്തിൽ ഉള്ളവർക്ക് വിൽക്കാനോ കേരളത്തിലേക്ക് കടത്താനോ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇതിനിടയിലാണ് ആണ് ബെംഗ്ലൂരുവിൽ വച്ച് നീരജ് ജോസഫ് പിടിയിലാകുന്നത്. ആയുധക്കടത്ത് കേസായത്തിനാൽ പൊലീസ് അതീവ ഗൗരവത്തോടെ സംഭവത്തെ കണ്ടത്.
തുടര്‍ന്ന് നീരജ് ജോസഫിനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ടി പി കേസിലെ കുറ്റവാളി ടി കെ രജീഷിന്‍റെ നിർദേശ പ്രകാരം ആണ് തോക്ക് കൊണ്ടുവന്നതെന്ന് നീരജ് ജോസഫ് മൊഴി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കബ്ബൻ പാർക്ക് പൊലീസ് കേരളത്തിൽ എത്തി രജീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രജീഷിനെ അറസ്റ്റ് ചെയ്‌തെന്ന് കർണാടക പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നുവെന്നാണ് പൊലീസ് വിശദമാക്കിയത്.