12 June, 2023 10:11:51 PM
വാഹനം പിടിക്കാതിരിക്കാന്‍ പ്രതിമാസം 30000 രൂപ കൈക്കൂലി: എഎംവിഐ അറസ്റ്റില്‍
ഹരിപ്പാട്: ദേശീയപാതയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന കരാറുകാരനില്‍നിന്നും വാഹനങ്ങള്‍ പിടികൂടാതിരിക്കാന്‍ കൈക്കൂലി വാങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. അമ്പലപ്പുഴ ആര്‍ടിഓ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ചെട്ടിക്കുളങ്ങര എസ് എസ് ഭവനില്‍ സോമനാഥന്‍റെ മകന്‍ സതീഷ് എസ് (37) ആണ് ഇന്ന് ഔദ്യോഗികവാഹനത്തില്‍ എത്തി 25000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് പിടിയിലായത്. ഏജന്‍റായ കാര്‍ത്തികപ്പള്ളി തുണ്ടുപറമ്പില്‍ സുജിന്‍ ഫിലിപ്പോസ് (27) നെയും ഇയാളോടൊപ്പം അറസ്റ്റ് ചെയ്തു.
ദേശീയപാത 66 ആറുവരിപാതയാക്കുന്നതിന്‍റെ പണികള്‍ പുരോഗമിക്കുന്നതിനിടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്ന രീതിയില്‍ മോട്ടോര്‍വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ പരാതികള്‍ക്കിടയാക്കിയിരുന്നു. കരാറുകാരന്‍ പണികള്‍ ഉപകരാര്‍ നല്‍കിയ വ്യക്തിയുടെ വാഹനം കഴിഞ്ഞ ദിവസം പിടികൂടുകയും 20000 രൂപ പിഴ അടപ്പിച്ച് വിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇനി വാഹനങ്ങള്‍ പിടികൂടാതിരിക്കണമെങ്കില്‍ മാസം തോറും 30000 രൂപ വീതം കൈക്കൂലി നല്‍കണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്.
കരാറുകാരന്‍ വിവരം വിജിലന്‍സ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം ഇന്ന് വൈകിട്ട് ഹരിപ്പാട് മാധവ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് ദേശീയപാതയിലെത്തിയ കരാറുകരന്‍ 6.10 മണിയോടെ ഏജന്‍റ് മുഖേന ഔദ്യോഗികവാഹനത്തിലെത്തിയ സതീശിന് 25000 രൂപ നല്‍കുകയായിരുന്നു. ഈ സമയം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ കൈയോടെ പിടികൂടി അറസ്റ്റു രേഖപ്പെടുത്തി.
ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പി ഗിരീഷ് പി സാരഥി, ഇന്‍സ്പെക്ടര്‍മാരായ മഹേഷ് പിള്ള, പ്രശാന്ത് കുമാര്‍, രാജേഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ സ്റ്റാന്‍ലി തോമസ്, സുരേഷ്കുമാര്‍, ബസന്ത്, എഎസ്ഐമാരായ ജയലാല്‍, സത്യപ്രഭ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജു എസ് ഡി, സനല്‍ സഹദേവന്‍, ശ്യാംകുമാര്‍, രാജേഷ് ടി.പി., മനോജ്കുമാര്‍, ലിജു, വനിതാ എഎസ്ഐ രഞ്ജിനി രാജന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.