12 June, 2023 08:44:43 AM
തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി ജീവൻ നഷ്ടപ്പെട്ട നിഹാലിന്‍റെ ഖബറടക്കം ഇന്ന്
കണ്ണൂർ: മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്‍റെ ഖബറടക്കം ഇന്ന്. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകന്‍റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു.
ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ് നിഹാലിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത്. ഊഞ്ഞാലാടുന്നതിനിടയിൽ നായ്ക്കൾ ആക്രമിച്ചതായാണ് നിഗമനം. മുറ്റത്ത് പുല്ലിനിടയിലാണ് ചലനമറ്റ നിലയി നിഹാലിനെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത്.
തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി ജീവൻ നഷ്ടപ്പെട്ട നിഹാലിന്‍റെ മൃതദേഹം കണ്ടെടുത്തതിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികൾ. ഓട്ടിസം ബാധിച്ച കുട്ടിയാണ് നിഹാലെന്നും മുമ്പും ഇത്തരത്തിൽ നിഹാലിനെ കാണാതായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് അപ്പോഴൊക്കെ തിരികെ വീട്ടിലെത്തിക്കാറുള്ളത്. എന്നത്തേയും പോലെ തിരികെ വരുമെന്നാണ് കരുതിയിരുന്നത്. പിന്നീട് കാണാതായപ്പോഴാണ് അന്വേഷിച്ചത്.
വീടിന് അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ കാലിന് താഴോട്ട് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് പ്രദേശവാസികളിലൊരാൾ പറയുന്നു. നായ്ക്കൾ വരുന്നത് കണ്ടാണ് അവിടേക്ക് അന്വേഷിക്കാൻ തയാറായത്. അവിടെയെത്തിയപ്പോഴാണ് ദാരുണമായ വിധത്തിൽ കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടത്. സംസാരശേഷിയില്ലാത്ത കുഞ്ഞായതിനാൽ നിലവിളിക്കാനോ ഒച്ച വെക്കാനോ സാധിച്ചില്ല.