08 June, 2023 03:15:58 PM
അരിക്കൊമ്പന്‍റെ ആയുരാരോഗ്യത്തിന് വഴിപാടുകളുമായി ആനപ്രേമികള്‍
ഇടുക്കി: തമിഴ്നാട് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പന് വഴിപാടികളുമായി ആനപ്രേമികൾ. കുമളി ശ്രീ ദുർഗ ഗണപതി ഭദ്രകാലീ ക്ഷേത്രത്തില്‍ ഒരു മൃഗസ്നേഹി അരിക്കൊമ്പനായി നടത്തിയ വഴിപാടുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
'അരിക്കൊമ്പൻ- നക്ഷത്രം ഉത്രം' എന്നാണ് വഴിപാട് രസീതില്‍ നല്‍കിയിരിക്കുന്നത്. അര്‍ച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുമാണ് വഴിപാട് ഇനങ്ങള്‍. അരിക്കൊമ്പന്‍റെ ആയുരാരോഗ്യത്തിനായി ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും നടത്തുന്നത് തുടരുകയാണ്.
ഇതിനിടെ തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് സമീപത്തെ മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തി. അരിക്കൊമ്പന്‍റെ ജന്മനാടായ ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ മാറ്റിയതുമുതൽ സന്തോഷ് അസ്വസ്ഥനായിരുന്നു. ചെറുപ്പം മുതല്‍ മൃഗങ്ങളോടുള്ള അകമഴിഞ്ഞ സ്‌നേഹമാണ് അരിക്കൊമ്പന് വേണ്ടി വഴിപാട് കഴിക്കാൻ പ്രേരിപ്പിച്ചത്. കാട്ടാനയ്‌ക്കായി വഴിപാട് കഴിപ്പിക്കണമെന്ന ഭക്തന്‍റെ ആഗ്രഹത്തിനൊപ്പം മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ അധികൃതരും നിൽക്കുകയായിരുന്നു.
അതേസമയം അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലില്‍ ഗോത്ര ജനത സൂചനാ സമരം നടത്തിയിരുന്നു. മുതുവാൻ വിഭാഗത്തില്‍പ്പെട്ട അഞ്ച് കുടികളിലുള്ളവരായിരുന്നു സമരത്തിലുണ്ടായിരുന്നത്. അരിക്കൊമ്പന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ വീണ്ടും നടപടികൾ ഉണ്ടായാൽ, സമരം ശക്തമാക്കുമെന്ന് ഇവർ പറയുന്നു. സൂര്യനെല്ലി- സിങ്കുകണ്ടം പാതയിലാണ് സൂചന സമരവുമായി ആദിവാസികൾ ഒത്തു കൂടിയത്.
തുടർച്ചയായ മയക്കു വെടികളും കാട് മാറ്റവും ആനയുടെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിച്ചെന്നാണ് ഇവരുടെ ആരോപണം. തുമ്പിക്കൈയിലെ മുറിവ് അപകടകരമായ രീതിയിലേയ്ക് മാറിയതായും ഇവർ പറയുന്നു. ആന ജനിച്ചു വളർന്ന മതികെട്ടാൻ വനമേഖലയിലേക്ക് തിരികെ എത്തിയ്ക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നുമാണ് ആവശ്യം. ചിന്നക്കനാലിലെ ആടുവിളന്താൻ, ടാങ്ക് മേട്, പച്ചപുൽ, ചെമ്പകതൊഴു, കോഴിപ്പന എന്നീ കുടി നിവാസികളാണ് ഒത്തു ചേർന്നത്.