07 June, 2023 11:21:13 AM
ആക്രമണവുമായി പടയപ്പ: മൂന്നാറിൽ കട തകർത്ത് സാധനങ്ങൾ പുറത്തെടുത്തു
മൂന്നാർ: ജനവാസകേന്ദ്രത്തിൽ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റിലെ പുണ്യവേലിന്റെ കടയുടെ വാതിലാണ് പടയപ്പ തകർത്തത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് പടയപ്പ പുണ്യവേലിന്റെ കടയുടെ ഭാഗത്തേക്ക് എത്തിയത്.
പലചരക്കുസാധനങ്ങൾ സൂക്ഷിച്ചിരുന്ന കടയുടെ മുൻവശത്തെ വാതിൽ തകർത്ത പടയപ്പ സാധനങ്ങൾ എടുക്കാൻ തുടങ്ങിയപ്പോഴേക്കും ഉടമസ്ഥൻ പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ശ്രമം നടത്തി.
പിന്നീട് വനം വകുപ്പിന്റെ ആർആർടി ടീം സ്ഥലത്തെത്തിയാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. ഇതിനുമുൻപ് 18തവണ പുണ്യവേലിന്റെ കട കാട്ടാനകൾ ആക്രമിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാണ് പടയപ്പ കട ആക്രമിക്കുന്നത്.
മൂന്നാർ പഞ്ചായത്തിന്റെ മാലിന്യസംസ്കരണ കേന്ദ്രത്തിന് സമീപം തന്പടിച്ചിരുന്ന പടയപ്പയെ ഇരുപത് ദിവസം മുൻപ് കാട്ടിലേക്ക് തുരത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ജനവാസ കേന്ദ്രത്തിലേക്ക് പടയപ്പ എത്തുന്നത്. നിലവിൽ ആന കാട്ടിലാണുള്ളതെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം.