06 June, 2023 02:34:10 PM
ശുദ്ധജല ക്ഷാമം നേരിടുന്ന കുട്ടനാടിന് കുടിവെള്ള പ്ലാന്‍റ് സമ്മാനിച്ച് നടൻ മോഹൻലാൽ
ആലപ്പുഴ: രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന കുട്ടനാടിന് കുടിവെള്ള പ്ലാന്‍റ് സമ്മാനിച്ച് നടൻ മോഹൻലാൽ. മോഹൻലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷൻ ഇവൈജിഡിഎസുമായി സഹകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഓട്ടോമാറ്റിക് കുടിവെള്ള പ്ലാന്റാണ് സ്ഥാപിച്ചത്. എടത്വ ഒന്നാംവാർഡിലെ 300 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്.
പരിസ്ഥിതി ദിനത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവിയാണ് പ്ലാന്‍റിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രതിമാസം ഒൻപത് ലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ ശേഷിയുള്ള പ്ലാന്‍റാണ് സ്ഥാപിച്ചിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റിൽ നിന്നും സൗജന്യമായി എടുക്കാം. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്ലാന്‍റ് പ്രകൃതി സൗഹാർദ്ദമായാണ് നിർമിച്ചിരിക്കുന്നത്.