06 June, 2023 01:08:02 PM
അരിക്കൊമ്പനെ തിരികെ എത്തിക്കണം; ചിന്നക്കനാലിൽ ഗോത്ര ജനതയുടെ സമരം
ഇടുക്കി: ചിന്നക്കനാലിൽ അരിക്കൊമ്പനെ തിരികെ എത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്ര ജനതയുടെ സൂചനാ സമരം. ആദിവാസി വിഭാഗമായ മുതുവാൻ സമുദായത്തിലെ അഞ്ച് കുടികളിലെ ആളുകളാണ് സമര രംഗത്തിറങ്ങിയത്.
അരിക്കൊമ്പന്‍റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ വീണ്ടും നടപടികൾ ഉണ്ടായാൽ, സമരം ശക്തമാക്കുമെന്ന് ഇവർ പറയുന്നു. സൂര്യനെല്ലി- സിങ്കുകണ്ടം പാതയിലാണ് സൂചന സമരവുമായി ആദിവാസികൾ ഒത്തു കൂടിയത്.
തുടർച്ചയായ മയക്കു വെടികളും കാട് മാറ്റവും ആനയുടെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിച്ചെന്നാണ് ഇവരുടെ ആരോപണം. തുമ്പിക്കൈയിലെ മുറിവ് അപകടകരമായ രീതിയിലേയ്ക് മാറിയതായും ഇവർ പറയുന്നു. ആന ജനിച്ചു വളർന്ന മതികെട്ടാൻ വനമേഖലയിലേക്ക് തിരികെ എത്തിയ്ക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നുമാണ് ആവശ്യം.
ചിന്നക്കനാലിലെ ആടുവിളന്താൻ, ടാങ്ക് മേട്, പച്ചപുൽ, ചെമ്പകതൊഴു, കോഴിപ്പന എന്നീ കുടി നിവാസികളാണ് ഒത്തു ചേർന്നത്. അരിക്കൊമ്പനെ ദ്രോഹിയ്ക്കുന്ന നടപടികൾ തുടർന്നാൽ, സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.