01 June, 2023 03:08:40 PM
കണ്ണൂർ ട്രെയിൻ തീവെപ്പ്: ഒരാൾ കസ്റ്റഡിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു
കണ്ണൂർ: ആലപ്പുഴ– കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവെപ്പിൽ ഒരാൾ കസ്റ്റഡിയിൽ. സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തീവെച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആളെ പിടികൂടിയത്.
അക്രമി ട്രെയിനിനകത്ത് കയറിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. തീയിട്ടതാണെന്ന നിഗമനത്തിലാണ് പൊലീസ്. പരിശോധനയിൽ ജനൽ ഗ്ലാസ് തകർത്ത കല്ല് കണ്ടെത്തി. ഫോറൻസിക് പരിശോധന പൂർത്തിയായിക്കഴിഞ്ഞു. കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭചിട്ടുണ്ട്. എലത്തൂരിൽ തീവെച്ച ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തന്നെയാണ് വീണ്ടും തീവയ്പ് നടത്തിയത്.
കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലാണ് തീയിട്ടത്. ഏറ്റവും പുറകിൽ നിന്നുള്ള മൂന്നാമത്തെ ബോഗിയാണ് കത്തിയത്. സംഭവത്തിൽ ഒരു ബോഗി പൂർണമായും കത്തിനശിച്ചു.
സംഭവം നടക്കുമ്പോൾ ജീവനക്കാരും ഈ മേഖലയിൽ ഇല്ലായിരുന്നു. എന്നാൽ അടുത്തുള്ള ബി.പി.സി.എൽ. സ്ഥാപനത്തിന്‍റെ സി.സി.ടി.വിയിൽ കയ്യിൽ കാനുമായി ഇയാള്‍ ബോഗിയുടെ സമീപം നിൽക്കുന്ന ദൃശ്യം കാണാം. ഇയാൾ അവിടെ നിന്നും പോയതിന്‍റെയും മറ്റും വിവരങ്ങൾ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ്. പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് കത്തിച്ചതാവാനുള്ള സാധ്യത അധികൃതർ ചൂണ്ടിക്കാട്ടുകയുണ്ടായി. അട്ടിമറി സാധ്യത ഇതോടുകൂടി മുറുകുകയാണ്.