31 May, 2023 02:37:35 PM


അരികൊമ്പന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു; ആന ഷണ്മുഖ നദിക്കരയിൽ



ഇടുക്കി: വനത്തിൽ നിന്ന് പുറത്ത് വരാത്തതിനാൽ രണ്ടാം അരിക്കൊമ്പൻ ദൗത്യം വൈകുന്നു. മൂന്നു ദിവസമായി ആന ഷണ്മുഖ നദിക്കരയിൽ തുടരുകയാണ്. അതേസമയം അരിക്കൊമ്പന്‍റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് തമിഴ്നാട് വനം വകുപ്പിന്‍റെ നിഗമനം. 

ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ ഇറങ്ങിയാൽ മയക്കുവടി വെക്കാനുള്ള എല്ലാവിധ സന്നാഹങ്ങളോടുകൂടിയും ദൗത്യ മേഖലയിൽ തമിഴ്നാട് വനം വകുപ്പ് സംഘം തുടരുകയാണ്. ഏറ്റവും ഒടുവിലെ ജിപിഎസ് കോളർ സിഗ്നൽ പ്രകാരം ഷണ്മുഖ നദി അണക്കെട്ടിന്‍റെ ചുറ്റളവിലാണ് അരിക്കൊമ്പനുള്ളത്. ഇടയ്ക്ക് വനത്തിനുള്ളിലേക്ക് കയറിപ്പോകുന്ന അരിക്കൊമ്പൻ തിരികെ നദിക്കരയിലേക്ക് ഇറങ്ങി വരുന്നത് വെള്ളം കുടിയ്ക്കാൻ വേണ്ടിയാണെന്നാണ് കരുതുന്നത്.

കമ്പത്തു നിന്നും പരിഭ്രാന്തിയോടുകൂടി ഓടിയ ആന രണ്ടുദിവസം ക്ഷീണിതനായിരുന്നു. കാട്ടിനുള്ളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടിയതോടെ ആനയുടെ ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങളില്ല. 

അരിക്കൊമ്പൻ ആരോഗ്യം വീണ്ടെടുത്തതോടെ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി വരാനുള്ള സാധ്യതയും വനം വകുപ്പ് തള്ളുന്നില്ല. ഈ സാഹചര്യത്തിലാണ് മുതുമലയിൽ നിന്നുള്ള ആദിവാസികൾ അടങ്ങുന്നവരുടെ പ്രത്യേക സംഘം നിരീക്ഷണം തുടരുന്നത്. എന്നാൽ വനത്തിൽ നിന്നും തുരത്തി നാട്ടിലിറിക്കി ആനയെ മയക്ക് വെടി വെക്കില്ല. മേഘമല കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്ന അരിക്കൊമ്പനെ കാട് കയറ്റി വിടുന്നതിനാണ് പ്രാഥമിക പരിഗണന. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K