27 May, 2023 08:56:06 AM
'വീണ്ടും തീ': ആലപ്പുഴ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍ ഗോഡൗണിൽ അഗ്നിബാധ
ആലപ്പുഴ: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ ആലപ്പുഴ ഗോഡൗണിലും തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് മെഡിക്കൽ കോളേജിന് സമീപത്തെ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ തീയും പുകയും ഉയർന്നത്.
നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് അര മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. പത്തുദിവസത്തിനിടെ മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ ഉണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിത്.
3500 ചാക്കുകളിലായാണ് ഇവിടെ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നത്. ഇതു പൂർണമായും കത്തി നശിച്ചു. തൊട്ടടുത്തുള്ള മരുന്ന് ഗോഡൗണിലേക്കും തീ പടർന്നു. ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ പെട്ടെന്ന് തന്നെ തീ അണച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയത്.
നേരത്തെ കോർപറേഷന്‍റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകൾക്ക് തീ പിടിച്ചിരുന്നു. സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.