26 May, 2023 03:07:54 PM
അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് വരാൻ സാധ്യത; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
ഇടുക്കി: അരിക്കൊമ്പൻ വീണ്ടും തമിഴ് നാട് വനത്തിലേക്ക് തിരികെ പോയി. ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പൻ എത്തിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. അരിക്കൊമ്പൻ കൊട്ടാരക്കര ദിന്ധുക്കൽ ദേശീയ പാത മുറിച്ചു കടന്നു. കുമളിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്. എന്നാൽ അരിക്കൊമ്പൻ ഇവിടെ നിന്നും ചിന്നക്കനാൽ ഭാഗത്തേക്ക് എത്താനും സാധ്യതയുണ്ടെന്ന് വനം വകുപ്പ് പറയുന്നു.
ഇന്നലെ കണ്ടതിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഇന്നുള്ളത്. ഇവിടെ നിന്ന് സഞ്ചരിച്ചാൽ അരിക്കൊമ്പന് ചിന്നക്കനാലിലെത്താം. ഇവിടെ നിന്ന് കമ്പംമേട്ട്, ബോഡിമേട്ട് വഴി മതികെട്ടാൻ ചോലയിലേക്ക് എത്താൻ കഴിയും. ഇവിടെ നിന്ന് താഴേക്ക് ഇറങ്ങിയാൽ ചിന്നക്കനാലായി. അതിനാൽ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട് വനം വകുപ്പിനോടും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിക്കുന്നുണ്ട്.
അരിക്കൊമ്പൻ ഇന്നലെ രാത്രി കുമളിക്കടുത്തുള്ള ജാനവാസ മേഖലയിലെത്തിയിരുന്നു. ഗാന്ധി നഗർ, റോസാപ്പൂക്കണ്ടം എന്നിവിടങ്ങൾക്കടുത്താണ് അരിക്കൊമ്പൻ എത്തിയത്. ഉന്നത ഉദ്യോഗസ്‌ഥർ അടക്കം സ്‌ഥലത്തെത്തി ആകാശത്തേക്ക് വെടിവച്ച് അരിക്കൊമ്പനെ കാട്ടിനുള്ളിലേക്ക് തുരത്തുകയായിരുന്നു. തേക്കടിയിലേക്ക് വിനോദ സഞ്ചരികൾ ഉൾപ്പെടെ നടന്നു പോകുന്നതും വിറക് ശേഖരിക്കാൻ വനത്തിൽ കയറുന്നതും വനം വകുപ്പ് താത്കാലികമായി വിലക്കിയിട്ടുണ്ട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.