25 May, 2023 11:52:45 AM
15 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, അടിമാലി സ്‌കൂളില്‍ 3 വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതിയില്ല
ഇടുക്കി: കോടികള്‍ മുടക്കി സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചിട്ടും ഗുണം ലഭിക്കാത്ത സങ്കടത്തിലാണ് അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍. ഉദ്ഘാടനം പൂര്‍ത്തിയായി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് കാരണമായി രക്ഷിതാക്കള്‍ പറയുന്നത്.
മൂന്നര കോടി രൂപ മുടക്കി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടന്നത് 2020 ഒക്ടോബറിലാണ്. വിപുലമായ സജ്ജീകരണങ്ങളുമൊരുക്കി 15 സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ് നിര്‍മ്മിച്ചത്. കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഇതുവരെ നല്‍കിയില്ലെന്നാണ് സംഭവത്തില് കെഎസ്ഇബിയുടെ വിശദീകരണം.
കെട്ടിടം പരിശോധിക്കേണ്ടതുണ്ടെന്നും നടപടികള്‍ പൂര്‍ത്തിയാക്കി ഒരാഴ്ച്ചക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മറുപടി. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉടന്‍ വൈദ്യുതി നല്‍കുമെന്ന് കെഎസ്ഇബിയും അറിയിച്ചു. ഇതൊന്നും നടന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മുന്നറിയിപ്പ്.