24 May, 2023 12:22:45 PM


കണ്ണൂരിലെ കൂട്ടമരണം; ഭർത്താവുമായി പിരിഞ്ഞത് അറിഞ്ഞില്ലെന്ന് ശ്രീജയുടെ അച്ഛൻ



കണ്ണൂർ: കണ്ണൂർ ചെറുപുഴയില്‍ അ‍ഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ശ്രീജയുടെ അച്ഛൻ. മകളും ഭർത്താവും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നാണ് ശ്രീജയുടെ അച്ഛൻ ബാലകൃഷ്ണൻ പറയുന്നത്. ശ്രീജയും ആദ്യ ഭർത്താവും തമ്മിൽ പിരിഞ്ഞ് ജീവിക്കുന്ന കാര്യവും പുതിയ പങ്കാളി ഷാജിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഏറെ കാലമായി ശ്രീജക്ക് വീട്ടുകാരുമായി ബന്ധമില്ലായിരുന്നുവെന്നും ശ്രീജയുടെ അച്ഛൻ കൂട്ടിച്ചേര്‍ത്തു. 

പാടിച്ചാൽ സ്വദേശികളായ ഷാജിയും ശ്രീജയും 3 കുട്ടികളുമാണ് മരിച്ചത്. പൊലീസിൽ വിളിച്ചറിച്ച ശേഷമായിരുന്നു ആത്മഹത്യ. പുലർച്ചെ 6 മണിയൊടെയാണ് ഫോൺ വിളിച്ചത്. എന്നാൽ, പൊലീസ് എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യ ആയിരുന്നുവെന്ന് പൊലീസ് അറിയിക്കുന്നു.

ശ്രീജയോടും ഷാജിയോടും മുൻഭർത്താവിനോടും തർക്കം തീർക്കാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെന്ന് ഡിവൈഎസ്പി പ്രേമരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീജയും ഷാജിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രതിനിധികളും വ്യക്തമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K