24 May, 2023 09:09:31 AM
റോഡിലിറങ്ങിയ ചക്കക്കൊമ്പനെ കാറിടിച്ചു; അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്
ഇടുക്കി: പൂപ്പാറ ചൂണ്ടലിൽ റോഡിലിറങ്ങിയ ചക്കക്കൊമ്പനെ കാറിടിച്ചു. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന നാലു പേർക്ക് പരിക്ക്. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ആനക്ക് പരിക്കുണ്ടോയെന്ന് വ്യക്തമല്ല. ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് രാത്രി 7.30 ഓടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിൽ നിന്ന ചക്ക കൊമ്പനെ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാട്ടാന കാറിന് മുകളിലിരുന്നു.
കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനം തകര്‍ക്കാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതുകൊണ്ടുതന്നെ അപകടത്തിൽപ്പെട്ട ആനയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കും.