16 May, 2023 10:24:11 AM
വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാർത്ഥിനിയുടെ തലയില്‍ മരക്കൊമ്പ് വീണ് മരിച്ചു
ഇടുക്കി: കുടുംബാംഗങ്ങൾക്കൊപ്പം സംസ്ഥാന അതിർത്തിയിലെ വെള്ളച്ചാട്ടം കാണാനെത്തിയ പെൺകുട്ടി മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണ് മരിച്ചു. ചെന്നൈ നീലാങ്കര സ്വദേശി നിക്സൺ- കൃഷ്ണമാല ദമ്പതികളുടെ മകൾ ബെമിനയാണ് (15) മരിച്ചത്. കുമളിക്ക് സമീപം തേനി ജില്ലയിലെ കമ്പത്തിന് സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ബെമിനയും കുടുംബവും.
പിതാവ് നിക്സൺ, മാതാവ് കൃഷ്ണമാല, സഹോദരൻ ടെലാൻ ആൻറേഴ്സൺ, ബന്ധുക്കൾ എന്നിവർക്കൊപ്പമായിരുന്നു ബെമിന എത്തിയത്. വെള്ളച്ചാട്ടത്തിൽ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങുന്നതിനിടെയാണ് മരക്കൊമ്പ് ബെമിനയുടെ തലയിലേക്ക് ഒടിഞ്ഞുവീണത്. തലയ്ക്കു സാരമായി പരുക്കേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ചെന്നൈയിലെ സ്വകാര്യ സ്കൂളിൽ 10ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്കൂൾ അവധിയായതോടെ കുടുംബാംഗങ്ങൾക്കൊപ്പം സ്ഥലങ്ങൾ കാണാനെത്തിയതായിരുന്നു. പിതാവ് നിക്സൺ ചെന്നൈയിൽ കാർ ഡ്രൈവറാണ്. മൃതദേഹം പൊലീസ് നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മേഘമല വന്യജീവി സങ്കേതത്തിനുള്ളിലാണ് ചുരുളി വെള്ളച്ചാട്ടം.