15 May, 2023 11:52:12 AM


സ്വന്തമായി ലോഡ് ഇറക്കിയ കടയുടമയെ ഭീഷണിപ്പെടുത്തിയ സിഐടിയു നേതാവിനെതിരെ നടപടി



ആലപ്പുഴ: ലോഡിങ് തൊഴിലാളികളെ ആശ്രയിക്കാതെ കടയിലേക്ക് വന്ന സിമന്‍റ് ലോഡ് സ്വന്തമായി ഇറക്കിയ വ്യാപാരിക്ക് സിഐടിയു പ്രാദേശിക നേതാവിന്‍റെ ഭീഷണി. വ്യാപാരിയെ അസഭ്യം പറയുന്നതിന്‍റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ തൊഴിലാളി നേതാവിനെതിരെ സിഐടിയു അച്ചടക്ക നടപടിയെടുത്തു.

സിഐടിയു നേതാജി യൂണിറ്റ് കൺവീനർ കെ ബിജുമോനെയാണ് കൺവീനർ സ്ഥാനത്ത് നിന്നു സസ്പെൻഡ് ചെയ്തത്. സിപിഎം അമ്പനാകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ബിജുമോനെതിരെ പാർട്ടി തലത്തിലും നടപടിയെടുക്കുമെന്ന് സിപിഎം ഏരിയ നേതൃത്വം അറിയിച്ചു. ഇന്ന് ലോക്കൽ കമ്മിറ്റി ചേർന്നു നടപടി തീരുമാനിക്കും.

കഴിഞ്ഞ ദിവസം മണ്ണഞ്ചേരി നേതാജി ജംഗ്ഷനിൽ നിർമാണ സാധനങ്ങൾ വിൽക്കുന്ന കടയിലേക്ക് എത്തിയ 50 ചാക്ക് സിമന്റ് ഇറക്കാൻ കടയുടമ ബിജുമോനെ വിളിച്ചെങ്കിലും 3 മണിക്കൂർ കഴിഞ്ഞുവരാമെന്നായിരുന്നു മറുപടി. ലോഡുമായെത്തിയ വാഹനത്തിന് മടങ്ങേണ്ടതിനാൽ കടയുടമയും ഡ്രൈവറും ചേർന്നു ലോഡിറക്കി. ഇതിന്റെ പേരിലാണ് സിഐടിയു നേതാവ് ഫോണിൽ വിളിച്ചു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് കടയുടമ പറയുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K