13 May, 2023 01:58:14 PM
ഇടുക്കിയില്‍ നീന്തല്‍ പഠിക്കാന്‍ കുളത്തിലിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു
ഇടുക്കി: നെടുങ്കണ്ടം പാറത്തോട്ടിൽ നീന്തൽ പഠിക്കുവാൻ കുളത്തിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. നെടുങ്കണ്ടം പാറത്തോട് സൂര്യഭവനിൽ സെന്തിൽ മഹാലക്ഷ്മി ദമ്പതികളുടെ മകൻ ഹാർവ്വിൻ എസ് (14) ആണ് മരിച്ചത്. രാവിലെ 11.30ഓടു കൂടിയായിരുന്നു സംഭവം.
കൂട്ടുകാർക്കൊപ്പം വീടിന് സമീപത്തുള്ള കുളത്തിൽ നീന്തൽ പഠിക്കുവാൻ പോയതായിരുന്നു ഹാർവ്വിൻ. ശരീരത്തിൽ കയർ ഉൾപ്പെടെ ബന്ധിച്ചായിരുന്നു കുട്ടികൾ കുളത്തിൽ ഇറങ്ങിയത്. ചേറിൽ താഴ്ന്നു പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.