06 May, 2023 01:24:29 PM


നഗ്ന വീഡിയോകോൾ: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും പ്രവര്‍ത്തകയ്ക്കും സസ്പെന്‍ഷന്‍



കായംകുളം: കായംകുളത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വീഡിയോ കോളില്‍ പ്രവര്‍ത്തകയുടെ നഗ്നദൃശ്യം കണ്ട സംഭവത്തില്‍ അച്ചടക്ക നടപടിയുമായി സിപിഎം. വിവാദത്തില്‍പ്പെട്ട ലോക്കല്‍ കമ്മിറ്റി അംഗത്തെയും പ്രവര്‍ത്തകയെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയുടെതാണ് തീരുമാനം. വെള്ളിയാഴ്ച രാത്രിയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. സിപിഎം ആലപ്പുഴ ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട അശ്ലീല വീഡിയോ വിവാദം കെട്ടടങ്ങും മുമ്പാണ് കായംകുളത്തും സമാന സംഭവം ഉണ്ടായത്.

പാര്‍ട്ടി സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലാണ് യുവതിയുടെ നഗ്ന ദൃശ്യം കാണുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്. ഇയാളെ കുട്ടികളുടെ വേനല്‍ തുമ്പി കലാജാഥയുടെ പുതുപ്പള്ളിയിലെ കണ്‍വീനര്‍ ആക്കിയത് സംബന്ധിച്ച് പാര്‍ട്ടിയില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കായംകുളത്തെ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട വിവാദങ്ങള്‍ തുടര്‍കഥയാകുകയാണ്.

നേരത്തെ ഭാര്യ നല്‍കിയ ഗാര്‍ഹികപീഡന പരാതിയില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കായംകുളം ഏരിയ കമ്മിറ്റിയംഗവുമായ ബിബിന്‍ സി. ബാബുവിനെ സി.പി.എം. ആറുമാസത്തേക്കു സസ്‌പെന്‍ഡുചെയ്തിരുന്നു. ഇതിനിടെയാണ് വീഡിയോ കോളില്‍ യുവതിയുടെ നഗ്‌നത കാണുന്ന ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ദൃശ്യം പുറത്തുവന്നത്.

കായംകുളം ഏരിയ കമ്മിറ്റി അംഗം ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് നിയമന അറിയിപ്പ് സംബന്ധിച്ച് വാട്സാപ്പിലിട്ട സന്ദേശവും വിവാദമായിരുന്നു. 'പരമാവധി നമ്മുടെ ഹിന്ദു ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുക' എന്ന അടിക്കുറിപ്പോടെയാണ് ഏരിയ കമ്മിറ്റി അംഗം നിയമന അറിയിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K