04 May, 2023 01:10:25 PM


അപകടമുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ യാത്രക്കാരന്‍റെ ജീവന്‍ എടുക്കേണ്ടിവന്നു



ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയില്‍ റോഡിലെ കുഴിയിൽ വീണു സൈക്കിള്‍ യാത്രക്കാരന് ദാരുണാന്ത്യം. കൊമ്മാടി കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്.

ഇന്നലെ രാത്രി 10 മണിക്കാണ് അപകടം സംഭവിച്ചത്. സൈക്കിളിൽ എത്തിയ ജോയ് ഇരുട്ടത്ത് കുഴിയിലേക്ക് വീഴുകയായിരുന്നു. 

പുതിയ കലുങ്ക് നിര്‍മിക്കാനായിട്ടാണ് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ റോഡ് വെട്ടിപ്പൊളിച്ചത്.  രാത്രി ഇതുവഴിയെത്തിയവരാണ് അപകടത്തില്‍പെട്ടു കിടക്കുന്ന ജോയിയെ കണ്ടത്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.

റോഡിൽ കുഴിയുളളതിനാല്‍ അധികൃതര്‍ അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കേണ്ടതായിരുന്നു. എന്നാല്‍ അപകടത്തിന് ശേഷമാണ് അധികൃതര്‍ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. അപകടം നടന്ന ശേഷം അധികൃതര്‍ ബോര്‍ഡ് വെച്ചതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ ഇത് പലയിടത്തും  പതിവാണെന്നും ആരോപിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K