02 May, 2023 04:56:24 PM
ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് തട്ടിപ്പ്; യുവതി അറസ്റ്റിൽ
കായംകുളം: തുണി ഇറക്കുമതി ബിസിനസിന്‍റെ പേരിൽ രണ്ടേകാൽ കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയായ യുവതി അറസ്റ്റിൽ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊട്ടശ്ശേരി മാവേലിമറ്റം തൈപ്പറമ്പിൽ വീട്ടിൽ സജന സലിം(41) ആണ് അറസ്റ്റിലായത്.
ബൽഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതി ചെയ്ത് ഹോൾസെയിൽ കച്ചവടം ഉണ്ടെന്നും ഇതിൽ പങ്കാളിയാക്കി ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കായംകുളം കീരിക്കാട് സ്വദേശിയിൽ നിന്നും രണ്ടേകാൽ കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് പണം സ്വീകരിക്കുകയും ആദ്യകാലങ്ങളിൽ കൃത്യമായി ലാഭവിഹിതം നൽകി വിശ്വാസം പിടിച്ചുപറ്റിയതിന് ശേഷം കൂടുതൽ തുക വാങ്ങുകയാണ് ഇവരുടെ രീതി. ഇവരെ പിടികൂടിയതറിഞ്ഞ് കൂടുതൽ ആൾക്കാർ പരാതിയുമായി എത്തുന്നുണ്ട്.
സജനയുടെ ഭർത്താവും രണ്ടാം പ്രതിയുമായ അനസ് വിദേശത്താണ്. സജനക്കെതിരെ കായംകുളം,ചങ്ങനാശ്ശേരി കോടതികളിൽ ചെക്ക് കേസുകൾ നിലവിലുണ്ട്. കായംകുളം സി ഐ മുഹമ്മദ് ഷാഫി,എസ് ഐ ശിവപ്രസാദ്,എ എസ് ഐ റീന,പോലീസുകാരായ സബീഷ്,സുന്ദരേഷ്കുമാർ,ബിജുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.