25 April, 2023 04:00:51 PM
വ്യാജ അഭിഭാഷകയായി ജോലി; ഒളിവിലായിരുന്ന സെസി സേവ്യര്‍ കീഴടങ്ങി
ആലപ്പുഴ: ആലപ്പുഴ കോടതിയില്‍ ആള്‍മാറാട്ടം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഒളിവില്‍ പോയ സെസി സേവ്യര്‍ മാസങ്ങള്‍ക്ക് ശേഷം ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി. മാസങ്ങളായി പൊലീസ് തിരയുന്നുണ്ടെങ്കിലും സെസിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും പൊലീസ് സാന്നിധ്യം മനസ്സിലാക്കി കടന്നുകളയുകയായിരുന്നു.
മറ്റൊരാളുടെ റജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മിഷനായും പ്രവർത്തിച്ചിട്ടുണ്ട്. യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് കേസെടുത്തിരുന്നു.
ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. പരീക്ഷ ജയിക്കാതെയും എന്‍ റോള്‍ ചെയ്യാതെയും കോടതിയെയും സഹഅഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി.
ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സെസി, അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആണ് സെസി ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയത്. രണ്ടര വര്‍ഷത്തോളമായി ജില്ലാ കോടതിയില്‍ ഉള്‍പ്പെടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിരുന്നെന്നും പരാതിയില്‍ പറയുന്നു.
2021ൽ സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവര്‍ നല്‍കിയ എൻറോൾമെന്‍റ് നമ്പറിൽ ഇങ്ങനെയൊരു പേരുകാരി ബാര്‍ കൗൺസിലിന്‍റെ പട്ടികയില്‍ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എൻറോൾമെന്‍റ് നമ്പർ കാണിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവില്‍ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാല്‍ ബാര്‍ അസോസിയേഷനില്‍നിന്ന് സെസിയെ പുറത്താക്കിയിരുന്നു.