24 April, 2023 08:56:28 PM


ആലപ്പുഴയിൽ കാറിടിച്ച് അധ്യാപിക മരിച്ചു; രണ്ടു പേർക്ക് പരിക്ക്



ആലപ്പുഴ: നിയന്ത്രണംവിട്ട കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച്​ സ്കൂട്ടർ യാത്രക്കാരിയായ അധ്യാപിക തൽക്ഷണം മരിച്ചു. തുമ്പോളി മാതാ സീനിയർ ഹയർസെക്കൻഡറി സ്കൂളിലെ ഫിസിക്സ്​ അധ്യാപികയും ആലപ്പുഴ സനാതനപുരം കാർത്തികഭവനില്‍ അനിൽകുമാറിന്‍റെ ഭാര്യയുമായ മാലാ ശശിയാണ്​ (45) മരിച്ചത്​. 

അപകടത്തിൽ ബൈക്ക്​ യാത്രക്കാരായ ദമ്പതികൾക്കും പരിക്കേറ്റു. കൈനകരി പുത്തൻവിളയിൽ പഴയകരിച്ചിറ ബിനു (42), ഭാര്യ ദീപ്തി (40) എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നു വൈകിട്ട്​ 3.35ന്​ ആലപ്പുഴ ബൈപാസ്​ കളർകോട്​ കുതിരപ്പന്തി ഭാഗത്തായിരുന്നു അപകടം. ആലപ്പുഴയിൽനിന്ന്​ എറണാകുളം ഭാഗത്തേക്ക്​ പോയ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഗണർ കാറാണ്​ അപകടമുണ്ടാക്കിയത്​. 

അമിതവേഗത്തിൽ ബൈപാസിലൂടെ സഞ്ചരിച്ച കാർ ആദ്യം ദമ്പതികൾ സഞ്ചരിച്ച ബൈക്കിനെയാണ്​ ഇടിച്ചുതെറിപ്പിച്ചത്​. പിന്നാലെ പാതയോരത്ത്​ സുരക്ഷക്കായി സ്ഥാപിച്ച കുറ്റിയിലേക്ക്​ കയറി നിയന്ത്രണംവിട്ട്​ മാലാ ശശി സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K