19 April, 2023 02:05:44 PM
പത്തനംതിട്ട ഡിസിസി മുൻ അധ്യക്ഷൻ ബാബു ജോർജ് കോൺഗ്രസ് വിട്ടു
പത്തനംതിട്ട: ഡിസിസി മുൻ അധ്യക്ഷൻ ബാബു ജോർജ് കോൺഗ്രസ് വിട്ടു. ഡിസിസി ഓഫീസിന്‍റെ വാതിൽ ചവിട്ടിപൊളിക്കാൻ ശ്രമിച്ച സംഭവത്തിൽ ബാബു ജോർജിനെ സസ്പെൻഡ് ചെയ്തിരുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട പത്തനംതിട്ട ജില്ലയിലെ കോൺഗ്രസിനുള്ളിൽ നിലനിന്ന പൊട്ടിത്തെറിയാണ് ബാബു ജോർജിന്‍റെ രാജിയിൽ കലാശിച്ചത്. 52 വർഷം കോൺഗ്രസ് പ്രവർത്തകനായിരുന്ന ബാബു ജോർജ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും നിലവിൽ കെപിസിസി അംഗവുമാണ്.
കഴിഞ്ഞ 15 വർഷമായി പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആന്‍റോ ആന്‍റണി എം പി ഒന്നും ചെയ്തില്ലെന്ന് ബാബു ജോർജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന ആന്‍റോ ആന്‍റണി കോൺഗ്രസിനെ നശിപ്പിക്കുകയെ ഉള്ളൂ. സ്വന്തം കാര്യലാഭത്തിനാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ബാബു ജോർജ് പറഞ്ഞു. പ്രസ്ഥാനത്തിൽ തുടർന്ന് പ്രവർത്തിക്കാൻ ചില നേതാക്കൾ അനുവദിക്കുന്നില്ല. പാർട്ടിക്കുള്ളിൽ വേറിട്ട അഭിപ്രായമുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ആറിന് പത്തനംതിട്ട ഡിസിസി ഓഫീസിൽ നടന്ന പാർട്ടി പുനഃസംഘടനാ ചർച്ചയിൽ നിന്ന് എ വിഭാഗം ഉടക്കിപിരിഞ്ഞിരുന്നു. ഇതേതുടർന്ന് യോഗത്തിൽ പങ്കെടുക്കുന്ന ഒരാൾ പ്രസിഡന്‍റിന്‍റെ മുറിയുടെ വാതിൽ അടച്ചപ്പോഴാണ് ബാബു ജോർജ് ചവിട്ടിത്തുറക്കാൻ ശ്രമിച്ചത്.
ബാബു ജോർജ് വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. അടൂർ പ്രകാശ് എം പി, ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിൽ, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി എം എം നസീർ എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു പരസ്യ പ്രതിഷേധം അരങ്ങേറിയത്. മുതിർന്ന നേതാവ് പി ജെ കുര്യൻ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സതീഷ് കൊച്ചുപറമ്പിൽ തുടങ്ങിവർക്കെതിരെ ഇതിന് പിന്നാലെ വിമർശനവുമായി ബാബു രംഗത്ത് വന്നിരുന്നു.