07 April, 2023 11:21:08 AM
കല്യാണം മുടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ചെറുപ്പക്കാർ
ആലപ്പുഴ: പൊരുത്തം, ജാതകം, ജാതി, ജോലി എല്ലാം ഒത്തുവന്ന് കല്യാണം പടിവാതിൽ എത്തി നില്‍ക്കുമ്പോഴേക്കായിരിക്കും ഏതെങ്കിലും കല്യാണം മുടക്കി വന്ന് കല്യാണം മുടക്കുന്നത്. അങ്ങനെ കല്യാണം എന്ന ആഗ്രഹം അവിടെ തീർന്നു. എന്നാൽ ഇത്തരം കല്യാണം മുടക്കികളോട് ക്ഷമിക്കാൻ ഒരിക്കലുമില്ലെന്നാണ് കുട്ടനാട്ടിലെ ചെറുപ്പക്കാർ പറയുന്നത്. ഇത് കൊണ്ടാണ് ഇവർ കല്യാണം മുടക്കികളെ 'കൈകാര്യം'ചെയ്യുമെന്ന് ബോർഡുവെക്കാൻ നിർബന്ധിതരായത്.
പക്ഷേ ഈ ബോർഡിനു ഒരു രാത്രിയുടെ ആയുസ്സ് പോലുമുണ്ടായില്ല. ഇരുട്ടിവെളുത്തപ്പോഴേക്കും ചിലർ ഫ്ലക്സ് കീറിക്കളഞ്ഞു. വെളിയനാട് പഞ്ചായത്തിലും പരിസരങ്ങളിലുമാണ് ഇത്തരം കല്യാണം മുടക്കികൾ വ്യാപകമായുള്ളതെന്ന് ചെറുപ്പക്കാർ പറയുന്നു. നാട്ടിലെ പലരുടെയും കല്യാണം പലപ്പോഴായി മുടങ്ങിയെങ്കിലും ആദ്യമാരും ഗൗരവമായെടുത്തില്ല. രണ്ടുവർഷമായി ഇതു വ്യാപകമായതോടെയാണ് എല്ലാവരും ശ്രദ്ധിച്ചത്. കോട്ടയത്ത് സ്വകാര്യ കമ്പനിയിൽ തരക്കേടില്ലാത്ത ജോലിയുള്ള ചെറുപ്പക്കാരന്‍റെ 12 കല്യാണാലോചനകളാണ് ഒന്നരവർഷത്തിനുള്ളിൽ മുടങ്ങിയത്.
ഇരുകൂട്ടർക്ക് ഇഷ്ടപ്പെട്ടതിനു ശേഷമാണ് മിക്കവയും മുടങ്ങിയത്. ഇങ്ങനെ നിശ്ചയംവരെ തീരുമാനിച്ചു മുടങ്ങിയവയുമുണ്ട്. അഞ്ചും ആറും ആലോചനകൾ കാരണമറിയാതെ മുടങ്ങിയവരും ഏറെ. ഫോൺവിളിച്ചും, അന്വേഷിക്കാനെത്തുന്നവരോട് അപവാദം പറഞ്ഞുമാണ് കല്യാണം മുടക്കുന്നതെന്ന് ചെറുപ്പക്കാർ പറയുന്നു. പിന്നിൽ ആരെന്നു കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ചെറുപ്പക്കാർ ചേർന്ന് കല്യാണം മുടക്കികൾക്കു മുന്നറിയിപ്പായി ബോർഡ് സ്ഥാപിച്ചത്. വെളിയനാട് പുളിഞ്ചുവട് കവലയിൽ സ്ഥാപിച്ച ബോർഡിന് അധികം ആയുസ്സില്ലായിരുന്നു. എന്തായാലും ഫ്ളക്സ് കീറിയ പുളിഞ്ചുവട് കവലയ്ക്ക് ചെറുപ്പക്കാർ പുതിയ പേരുമിട്ടു- 'പരദൂഷണം മുക്ക്'.