19 March, 2023 04:55:17 PM


കോൺഗ്രസ് ജാഥയ്ക്കുനേരെ മുട്ടയെറിഞ്ഞ ഡിസിസി ജനറൽ സെക്രട്ടറിക്ക് സസ്പെൻഷൻ



പത്തനംതിട്ട: കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാഥ് സെ ഹാഥ് യാത്രയ്ക്ക് നേരെ മുട്ടയേറ് നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിനെ സസ്പെൻഡ് ചെയ്തു. നേരത്തെയുണ്ടായിരുന്ന എല്ലാ ചുമതലകളിൽ നിന്നും പത്തനംതിട്ട നഗരസഭാ കൌൺസിലർ കൂടിയായ ഷെരീഫിനെ നീക്കി. ഡിസിസി ജനറൽ സെക്രട്ടറിയുടേത് അച്ചടക്കലംഘനമാണെന്നാണ് പാർട്ടി വിലയിരുത്തൽ. ഗുരുതര തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു.

ഇന്നലെ വൈകിട്ടോടെയാണ് കോണ്‍​ഗ്രസ് ന​ഗരസഭാ കൗണ്‍സിലര്‍മാരായ എ സുരേഷ്‌കുമാറും കെ ജാസിംകുട്ടിയും പങ്കെടുത്ത ജാഥയ്ക്കുനേരെ ഷെരീഫിന്‍റെ നേതൃത്വത്തില്‍ മുട്ടയേറ് നടത്തിയത്. നാടിന്‍റെ പൊതു വികസനം തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കോൺഗ്രസ് ജാഥ നടത്തിയത്.

പദയാത്ര പത്തനംതിട്ട വലഞ്ചുഴിയിൽ എത്തിയപ്പോഴാണ് മുട്ടയേറും കല്ലേറും ഉണ്ടായത്. എം എം നസീറിന്‍റെ വാഹനത്തിന് നേരെയും കല്ലേറ് ഉണ്ടായി. മുട്ടയും കല്ലും എറിഞ്ഞവർക്കെതിരെ നടപടിയെടുക്കുമെന്ന് എം എം നസീർ പറഞ്ഞിരുന്നു. മദ്യലഹരിയിലാണ് ഡിസിസി ജനറൽ സെക്രട്ടറി ഷെരീഫ് ജാഥയ്ക്കുനേരെ ആക്രമണം നടത്തിയതെന്നും നസീർ ആരോപിച്ചു. സംഘർഷം അറിഞ്ഞ് സ്ഥലത്ത് വന്ന കെഎസ്ആർടിസി ജീവനക്കാരൻ കാദരിയെ ഷെരീഫ് അനുയായിയാണെന്ന് തെറ്റിദ്ധരിച്ച് സുരേഷിന്‍റെയും ജാസിംകുട്ടിയുടെയും നേതൃത്വത്തിലെത്തിയ സംഘം ആക്രമിച്ചു. പരിക്കേറ്റ കാദരിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. കൂടാതെ ജാഥയ്ക്കുനേരെ അക്രമം കാട്ടിയവർക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് കെപിസിസി അധ്യക്ഷനോടും ആവശ്യപ്പെട്ടതായി ഡിസിസി അറിയിച്ചിരുന്നു. ഏറെക്കാലമായി പത്തനംതിട്ട കോൺഗ്രസിൽ വിഭാഗീയത രൂക്ഷമാണ്. മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജ് ഉൾപ്പടെയുള്ളവർ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്പെൻഷനിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K