07 January, 2023 04:19:12 PM


വില്ലനായി ഷവർമയും: നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യ വിഷബാധ



ഇടുക്കി: നെടുങ്കണ്ടത്ത് ഷവർമ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന കടയില്‍ നിന്നാണ് ഷവർമ വാങ്ങിയത്. പുതുവര്‍‌ഷ ദിനത്തിലാണ് കുടുംബം ഷവര്‍മ വാങ്ങി കഴിച്ചത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നുപേരുടെയും ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്.

ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഷവര്‍മ വില്‍പ്പന നടത്തിയ ഹോട്ടല്‍ വൃത്തി ഹീനമാണെന്ന് കണ്ടെത്തി. തുടര്‍ന്ന്  ഹോട്ടൽ അടച്ചുപൂട്ടുവാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. കാസർഗോട്ടെ ഹോട്ടലിൽ നിന്നും കുഴിമന്തി വാങ്ങി  കഴിച്ച പെണ്‍കുട്ടി മരിച്ചത് ഏറെ ഞെട്ടലുണ്ടാക്കിയ പിന്നാലെയാണ് ഇടുക്കിയില്‍നിന്നും പുതിയ സംഭവം. തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി എന്ന വിദ്യാർത്ഥിനിയാണ് കാസർഗോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതിനെതുടര്‍ന്ന് മരിച്ചത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K