05 January, 2023 05:55:49 PM


കള്ളില്‍ മായം ചേര്‍ക്കാന്‍ സാഹചര്യമൊരുക്കി എക്സൈസ് ഉദ്യോഗസ്ഥര്‍

- സ്വന്തം ലേഖകന്‍



പാലക്കാട്: കള്ളില്‍ മായം ചേര്‍ക്കാന്‍ സാഹചര്യമൊരുക്കി സംസ്ഥാന എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടി. ഒരു ദിവസം ഉത്പാദിപ്പിക്കപ്പെടുന്ന കള്ളിന്‍റെ അളവിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് അധികൃതര്‍ നടത്തുന്ന വ്യാപകമായ പരിശോധനയും തുടര്‍നടപടികളും ആവശ്യത്തിന് കള്ള് ഷാപ്പുകളില്‍ എത്തിക്കാനാവാത്ത സ്ഥിതിയിലേക്കാണ് എത്തിക്കുന്നതെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.


ഒരു തെങ്ങില്‍നിന്നും പരമാവധി രണ്ട് ലിറ്റര്‍ കള്ളാണ് നിലവിലെ നിയമമനുസരിച്ച് ചെത്തിയെടുക്കാവുന്നത്. എന്നാല്‍ മഞ്ഞ് വീഴ്ചയും തെങ്ങിന്‍റെ ആരോഗ്യവും ഇത് ചിലപ്പോള്‍ അഞ്ച് ലിറ്റര്‍ വരെയാകുന്നു. ഇതില്‍ ചെത്ത് തൊഴിലാളികളുടെ മിടുക്കുമുണ്ട്. കൂടുതല്‍ കള്ള് ഉത്പാദിപ്പിക്കപ്പെട്ടാല്‍ അതനുസരിച്ച് തൊഴിലാളിയുടെ വേതനവും വര്‍ദ്ധിക്കും. കാലാവസ്ഥ അനുകൂലമായതിനാല്‍ കള്ള് കൂടുതല്‍ ലഭിക്കുമെന്നറിയാവുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ ഈയവസരം ശരിക്കും മുതലാക്കുന്നതായാണ് പരക്കെയുള്ള പരാതി.


തോട്ടങ്ങളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ കൂടുതല്‍ കള്ള് ചെത്തി എന്ന് പറഞ്ഞ് തൊഴിലാളികളെയും ലൈസന്‍സികളെയും ഭീഷണിപ്പെടുത്തി കേസെടുന്നത് പതിവായി. കൂടുതലായി ചെത്തുന്ന കള്ള് തോട്ടത്തില്‍തന്നെ ഒഴുക്കികളയുന്നു. ഇതോടെ തൊഴിലാളികളുടെ വേതനത്തിലാണ് ഇവ്ര‍ കൂടുതലും മണ്ണ് വാരിയിടുന്നത്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് കൂടുതല്‍ കള്ള് ഷാപ്പുകളിലെത്തിയാല്‍ കൃത്രിമകള്ള് ഉണ്ടാക്കുന്നതും മായം ചേര്‍ക്കുന്നതും മറ്റും ഇല്ലാതാകും. എന്നാല്‍ നല്ല കള്ള് കൂടുതല്‍ ലഭിക്കാന്‍ സാഹചര്യമുണ്ടായിട്ടും അതിനനുവദിക്കാതെയുള്ള സര്‍ക്കാരിന്‍റെയും ഉദ്യോഗസ്ഥരുടെയും നടപടികള്‍ കേരളീയരെ കൃത്രിമകള്ള് കുടിക്കാന്‍  നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നത്.


കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ള് ചെത്തുന്നത് പാലക്കാട് ചിറ്റൂരിലാണ്.  സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ഒട്ടേറെ ഷാപ്പുടമകള്‍ ഇവിടെ തോട്ടങ്ങള്‍ വാടകയ്ക്കെടുത്തിട്ടുണ്ട്. 650 മുതല്‍ 750 രൂപ വരെയാണ് ഒരു തെങ്ങിന് പാട്ടമായി നല്‍കുന്നത്. ആറ് മാസത്തെ വാടക മുന്‍കൂറായി നല്‍കി തോട്ടമെടുക്കുന്നവരും കള്ള് ചെത്താനായി തങ്ങളുടെ തൊഴിലാളികളെ ചിറ്റൂരില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിരിക്കുന്നവരുമായ ലൈസന്‍സികളും ഏറെയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K