16 December, 2022 01:13:41 PM
വിദ്യാർത്ഥികൾ നടുറോഡിൽ ഏറ്റുമുട്ടി; രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ്
ആലപ്പുഴ: നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ആലപ്പുഴയിലാണ് അടുത്തടുത്തുള്ള രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. അറവുകാട് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളും ഐടിസിയിലെ വിദ്യാർഥികളുമാണ് ഏറ്റുമുട്ടിയത്. സംഘട്ടനത്തിൽ ഏർപ്പെട്ട പത്തോളം വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
വൈകിട്ട് പുന്നപ്ര സ്റ്റേഷനിലെത്താൻ നിർദേശം. വിദ്യാർഥികൾക്ക് കൗൺസിലിങ്ങ് നൽകുമെന്ന് പൊലീസ് പറഞ്ഞു. ഐടിസി വിദ്യാർഥി പ്ലസ് ടു വിദ്യാർഥിയെ മർദ്ദിച്ചതാണ് സംഘർഷത്തിന് കാരണം. ഇന്നലെ +2 പരീക്ഷയ്ക്കു ശേഷമായിരുന്നു ഏറ്റുമുട്ടൽ. മാസങ്ങൾക്കു് മുൻപ് ഇവിടുത്തെ വിദ്യാർത്ഥിനികൾ തമ്മിൽ റോഡിൽ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു.