09 December, 2022 08:46:42 PM
അമ്മയും കുഞ്ഞും മരിച്ച സംഭവം: ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്
അമ്പലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശുവും പിന്നീട് യുവതിയും മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആഭ്യന്തര അന്വേഷണ സമിതിയുടെ അന്വേഷണ റിപ്പോർട്ട്. പ്രസവ ശസ്ത്രക്രിയ നടത്തിയത് പരിചയസമ്പന്നരായ ഡോക്ടർമാരായിരുന്നു.
ചികിത്സ വൈകുകയോ വിദഗ്ധ ചികിത്സയ്ക്ക് കാലതാമസം ഉണ്ടാകുകയോ ചെയ്തിട്ടില്ല. കുഞ്ഞ് പ്രസവ സമയത്തു തന്നെ മരിച്ചിരുന്നു. അപർണയ്ക്ക് നേരത്തെ തന്നെ ഹൃദയ സംബന്ധമായ അസുഖം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യവിവരം അറിയിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി. ഡോ. തങ്കു തോമസ് കോശി ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് കൈമാറി.
കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ (22) യും നവജാതശിശുവുമാണ് മരിച്ചത്. ചൊവ്വാഴ്ച നാലോടെയാണ് കുട്ടിമരിച്ചതായി വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ട്രോമാക്കെയറിലായിരുന്ന അപര്‍ണ ബുധനാഴ്ച പുലര്‍ച്ചെ നാലോടെ മരിച്ചെന്നുമാണ് ബന്ധുക്കളോട് പറ ഞ്ഞത്. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലം കുഞ്ഞിനോടൊപ്പം അമ്മയും മരിച്ചെന്നാണ് ആരോപണം.
ചൊവ്വാഴ്ച വൈകിട്ട് നവജാത ശിശു മരിച്ച നിമിഷം മുതൽ ആശുപത്രിയും പരിസരവും സംഘർഷഭൂമിയായി. അപർണയെ ചികിത്സിച്ച ഡോ. തങ്കു കോ ശിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രാവിലെ മുതൽ പ്രതിഷേധിച്ചു.