09 December, 2022 02:51:40 PM
ഡെങ്കിപ്പനി പടരുന്നു; പാലക്കാട് ഒൻപത് വയസുകാരൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
പാലക്കാട്: ഒൻപത് വയസുകാരൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. പാലക്കാട് കൂറ്റനാടാണ് സംഭവം. കോതച്ചിറ സ്വദേശി നിരഞ്ജൻ ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയോടെയാണ് മരിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് ഇടയ്ക്കിടെ പെയ്യുന്ന മഴ പകർച്ചവ്യാധികൾ വർദ്ധിക്കാൻ ഇടയാക്കുന്നുണ്ട്. ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത് ഡെങ്കിപ്പനിയാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്.
എന്താണ് ഡെങ്കിപ്പനി?
ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്.
ഡെങ്കിപ്പനി പകരുന്നതെങ്ങനെ?
രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
രോഗലക്ഷണങ്ങള്‍
മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍പ്പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്.