02 December, 2022 12:06:45 PM
ചെങ്ങന്നൂരിൽ അയ്യപ്പഭക്തന് ട്രയിനിൽ നിന്ന് വീണു ഗുരുതര പരിക്ക്
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ അയ്യപ്പഭക്തൻ ട്രെയിനിൽ നിന്ന് വീണു ഗുരുതര പരിക്കേറ്റു. പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിയ്ക്കാണ് (53) അരക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റത്. ഉറക്കത്തിലായിരുന്ന കറുപ്പുസ്വാമി ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് നീങ്ങി തുടങ്ങിയപ്പോൾ ഉണർന്ന ശേഷം പെട്ടന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ട്രാക്കിനും, തീവണ്ടിക്കും ഇടയിലേക്കാണ് വീണത്. ഉടൻ തന്നെ തീവണ്ടി നിർത്തി ചവിട്ടുപടിഭാഗം ആർ പി എഫും അഗ്നിരക്ഷാസേനയും ചേർന്ന് മുറിച്ചുമാറ്റി കറുപ്പുസ്വാമിയെ രക്ഷിക്കുകയായിരുന്നു. വയറിൻ്റെ ഭാഗത്ത് അടക്കം ഗുരുതര പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആന്തരീക അവയവങ്ങൾക്കും മുറിവേറ്റതായാണ് വിവരം.