26 November, 2022 01:05:30 PM
വീട് പുറമ്പോക്ക് ഭൂമിയിൽ; ഏഴ് ദിവസത്തിനകം ഒഴിയാന്‍ എസ്. രാജേന്ദ്രന് നോട്ടീസ്
മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ മൂന്നാര്‍ ഇക്കോ നഗറിലെ വീട് 7 ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. വീട് പുറമ്പോക്ക് ഭൂമിയിലാണെന്ന് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. ദേവികുളം സബ് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നല്‍കിയത്. ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്. ബലമായി ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദേവികുളം രാഹുല്‍ ആര്‍. ശര്‍മ ഇടുക്കി എസ്‌പിക്ക് കത്തും നല്‍കി.
ഇക്കാേനഗറിലെ സര്‍വേ നമ്പര്‍ 843, 843/അ എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്‍റേതാണെന്നാണു ബോര്‍ഡ് അവകാശപ്പെടുന്നത്. ഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യവുമായി ഇക്കാനഗര്‍ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇദ്ദേഹം ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതോടെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂരേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇക്കാനഗറിലെ 60 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടിസ് നല്‍കിയിരുന്നു.
എം.എം.മണിയുടെ നേതൃത്വത്തില്‍ എന്നെ വേട്ടയാടുന്നതിന്‍റെ ഭാഗമാണ് ഒഴിപ്പിക്കല്‍ നോട്ടിസ്. മൂന്നാറില്‍നിന്ന് എന്നെ ഓടിക്കണമെന്ന് ഒരു മാസം മുന്‍പ് എം.എം.മണി പൊതുവേദിയില്‍ ആഹ്വാനം ചെയ്തിരുന്നു. എന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണു മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടിസ് നല്‍കിയിരിക്കുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു.