18 November, 2022 05:14:49 PM


ലഹരിക്കെതിരെ ഗോള്‍ അടിച്ച് മന്ത്രി കെ. കൃഷ്ണന്‍കുട്ടി: 'വണ്‍ മില്യണ്‍ ഗോള്‍' പദ്ധതി 72 കേന്ദ്രങ്ങളില്‍



പാലക്കാട്‌ : സംസ്ഥാനത്തൊട്ടാകെ നവംബര്‍ 11ന് ആരംഭിച്ച് 21 വരെ തുടരുന്ന വണ്‍ മില്യണ്‍ ഗോള്‍ ക്യംപെയ്‌നിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗോള്‍ പോസ്റ്റില്‍ ആദ്യ ഗോള്‍ അടിച്ച് കൊണ്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ 72 കേന്ദ്രങ്ങളില്‍ ഓരോന്നിലും വിശിഷ്ട വ്യക്തികള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട പൊതുജനസമൂഹം ഓരോരുത്തരായി 1000 ഗോള്‍ വീതം ഈ ഒരു ദിവസം സ്‌കോര്‍ ചെയ്യും.

പരിപാടിയുടെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ. ഉല്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത് മുഖ്യാതിഥിയായി. ക്യാമ്പയിന്‍ ബ്രാന്‍ഡ് അംബാസിഡറായ സന്തോഷ് ട്രോഫി താരം അബ്ദുല്‍ ഹക്കീം, ബി.ഇ.എം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തോമസ് ടി. കുരുവിള, ഹെഡ്മിസ്ട്രസ് ജൂലിയ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.കെ ഹെന്‍ട്രി, കെ.പി ജയപ്രകാശ്, ജബ്ബാറാലി, ഏലിയാമ്മ എന്നിവര്‍ പങ്കെടുത്തു.


ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ 10 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ കായിക യുവജന വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ കൗണ്‍സിലുകളും മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് വണ്‍ മില്യന്‍ ഗോള്‍ ക്യാമ്പയിന്‍. ക്യാമ്പയിനിലൂടെ മൊത്തം 10 ലക്ഷം ഗോളുകള്‍ എന്നതാണ് സംസ്ഥാനത്തൊട്ടാകെ ലക്ഷ്യമിടുന്നത്.

ഫോട്ടോ: വണ്‍ മില്യണ്‍ ഗോള്‍ ജില്ലാതല ഉദ്ഘാടനം ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറാക്കിയ ഗോള്‍ പോസ്റ്റിലേക്ക് ആദ്യ ഗോള്‍ അടിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K