13 November, 2022 07:53:21 PM


'കളക്ടർ വരുന്നു:' ബെഡ് ഷീറ്റും വീൽ ചെയറുമായി പറന്നുനടന്ന് മെഡിക്കൽ കോളേജ് ജീവനക്കാർ



ആലപ്പുഴ : രോഗികളെ കാണാൻ ജില്ലാ കളക്ടർ എത്തുന്നുവെന്ന് കേട്ടതോടെ പുതിയ ബെഡ് ഷീറ്റുകൾ വിരിച്ചും വീൽ ചെയർ എത്തിച്ചും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലായിരുന്നു എവരെയും അത്ഭുതപ്പെടുത്തികൊണ്ട് ആശുപത്രി ജീവനക്കാരുടെ ഈ പെരുമാറ്റം ഉണ്ടായത്. മെഡിക്കൽ കോളേജിലെ സർജറി വിഭാഗം കാഷ്വാലിറ്റി ഒബ്സർവേഷൻ റൂമിൽ നടന്ന സംഭവം തൃക്കുന്നപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ ആണ് തന്റെ ഫേസ്ബുക് പേജിലൂടെ പുറംലോകത്തെ അറിയിച്ചത്.

തോട്ടപ്പളളിയിൽ കടലിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കുപറ്റിയ മത്സ്യത്തൊഴിലാളികളെ കാണാൻ കളക്ടർ വരാൻ സാധ്യത ഉണ്ടെന്ന് ഡ്യൂട്ടിയിലെ നേഴ്സിനോട് പറഞ്ഞതേ ഉള്ളൂ ..... മിനിട്ടുകൾക്കകം നേഴ്സിംഗ് സൂപ്രണ്ട്‌ പാഞ്ഞെത്തുകയും അവിടുത്തേക്ക് മാത്രമായി 2 വീൽ ചെയറുകളും അതു തള്ളാനുള്ളവരും എത്തുകയും ചെയ്തു. ഇതാണ് അവസ്ഥയെങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും  മെഡിക്കൽ കോളേജ് അടക്കമുളള സർക്കാർ ആശുപത്രികൾ കളക്ടർ സന്ദർശിക്കണമെന്നും സുധിലാൽ തന്റെ കുറിപ്പിൽ ആവശ്യപ്പെടുന്നു..

സുധിലാലിന്റെ കുറിപ്പ് ചുവടെ...


"ഒരു സന്തോഷ വാർത്ത :-
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം കാഷ്വാലിറ്റി ഒബ്സർവേഷൻ റൂമിൽ ചരിത്രത്തിൽ ആദ്യമെന്ന് തോന്നുന്നു രോഗികളുടെ കട്ടിലിൽ ആശുപത്രിയുടെ സ്വന്തം ബെഡ്ഷീറ്റ് വിരിക്കുന്നു ....
(ഈ ഓഫർ ഇന്ന് വൈകിട്ട് 5 മണി വരെ മാത്രം )

ഇനി പറയുന്നത് ആലപ്പുഴയുടെ ബഹുമാനപ്പെട്ട ജില്ലാ കളക്ടറോടാണ്....

ഇന്ന് തോട്ടപ്പളളിയിൽ കടലിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കുപറ്റിയ മത്സ്യത്തൊഴിലാളികളെ കാണാൻ കളക്ടർ വരാൻ സാധ്യത ഉണ്ടെന്ന് ഡ്യൂട്ടിയിലെ നേഴ്സിനോട് പറഞ്ഞതേ ഉള്ളൂ ..... മിനിട്ടുകൾക്കകം നേഴ്സിംഗ് സൂപ്രണ്ട്‌ പാഞ്ഞെത്തി. അവിടുത്തേക്ക് മാത്രമായി 2 വീൽ ചെയറുകളും അതു തള്ളാനുള്ളവരും വന്നു ... വാർഡിലേക്ക് ട്രിപ്പും കയ്യിൽ പിടിച്ച് നടന്നു പോയ രോഗിയെ വീൽചെയറിൽ ഇരുത്തി ഡ്യൂട്ടിയിലുള്ളവർ തള്ളിക്കൊണ്ടുപോയി 
എല്ലാ കട്ടിലുകളിലും വിരിക്കാൻ പച്ച ബെഡ്ഷീറ്റ് നൽകി ...

കളക്ടർ ആ വാർഡിലേക്ക് വരുമെന്ന് കേട്ടപ്പോൾ ഇത്രയും മാറുമെങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും സാറ് ഈ മെഡിക്കൽ കോളേജ് അടക്കമുളള സർക്കാർ ആശുപത്രികൾ സന്ദർശിക്കണം. അങ്ങനെയെങ്കിലും ഈ ആശുപത്രികളിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകട്ടെ ..... 

- സുധിലാൽ
തൃക്കുന്നപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K