11 November, 2022 09:08:14 PM
ഡിവൈഎസ്പിയുടെ കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ആലപ്പുഴ: തകഴിയില്‍ ഡിവൈഎസ്പിയുടെ കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ സാബു ഓടിച്ച കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ പാണ്ടിയപ്പള്ളി സ്വദേശി എം. ഉണ്ണിയാണ് ഇന്നലെ മരിച്ചത്. സംഭവത്തില്‍ ഡിവൈഎസ്പിക്കെതിരെ അമ്പലപ്പുഴ പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
തിരുവല്ല ഭാഗത്തേക്കു പോകുകയായിരുന്ന ഡിവൈഎസ്പിയുടെ കാർ ലവൽ ക്രോസ് ഇറങ്ങിയതോടെ നിയന്ത്രണംവിട്ട് റോഡരികിലെ കൈവരിയിലും പിന്നീട് എതിരെ വന്ന സൈക്കിളിലും ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഉണ്ണിയുടെ തലയ്ക്കാണു പരുക്കേറ്റത്. ഡിവൈഎസ്പി നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസ് വിളിച്ചുവരുത്തി ഉണ്ണിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തകഴി സ്മാരകത്തോടു ചേർന്ന് റോഡരികിൽ തട്ടുകട നടത്തുന്നയാളായിരുന്നു ഉണ്ണി. തകഴി ക്ഷേത്രം ജംഗ്ഷനിൽ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം സംസ്കരിച്ചു. സുധയാണ് ഉണ്ണിയുടെ ഭാര്യ. മക്കൾ: ഗീതുമോൾ, സേതുലക്ഷ്മി. മരുമക്കൾ: യു. ഗണപതി, രതീഷ്.