04 November, 2022 09:52:50 AM
കാറിൽ ചാരിയ കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
തലശേരി: നിർത്തിയിട്ടിരുന്ന കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവ് അറസ്റ്റിൽ. പൊന്ന്യം പാലം സ്വദേശി മുഹ മ്മദ് ശിഹ്ഷാദ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വധശ്രമത്തിനു കേസെടുത്താണ് അറസ്റ്റ് ചെയ്തത്. ഇയാളെ തലശേരി എഎസ്പി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തലശേരിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരൻ ഗണേശിനാണ് മർദനമേറ്റത്. ബാലനെ മർദിച്ചത് ചിലയാ ളുകൾ ചോദ്യം ചെയ്തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാദ് കാറിൽ കയറി പോകുകയായിരുന്നു. കേരളത്തിൽ ജോലിക്ക് എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്.
ശിഹ്ഷാദിനെ പിന്നീട് തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. പോലീസിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ പറഞ്ഞു.