01 November, 2022 09:22:20 PM


ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; വൈല്‍ഡ് ലൈഫ് വാര്‍ഡന് സസ്‌പെന്‍ഷന്‍



ഇടുക്കി: കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന് സസ്‌പെന്‍ഷന്‍. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി രാഹുലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാളെ തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയിരുന്നു. 


കാട്ടിറച്ചി കൈവശം വച്ചുവെന്ന പേരിലാണ് കണ്ണംപടി സ്വദേശിയായ സരുണ്‍ സജി എന്ന യുവാവിനെ കള്ളക്കേസില്‍ കുടുക്കിയത്. സംഭവത്തില്‍ ഇതുവരെ ഏഴ് പേരെ സസ്‌പെന്‍ഡ് ചെയ്തു. ഫോറസ്റ്റര്‍ അനില്‍കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വനം വിജിലന്‍സ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്നും വനം വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.


സരുണ്‍ സജിക്ക് എതിരെയെടുത്തത് കള്ളക്കേസാണെന്ന് ഇടുക്കി റേഞ്ച് ഓഫീസര്‍ മുജീബ് റഹ്‌മാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സരുണിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതിന് ദൃസാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണും വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K