30 October, 2022 11:02:45 PM


വടക്കഞ്ചേരി അപകടം: കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്തും ഗുരുതര വീഴ്ച



പാലക്കാട്‌: വടക്കഞ്ചേരിയിൽ ദേശീയപാതയിൽ ഒക്ടോബര്‍ അഞ്ചിന്  അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും കെഎസ്‌ആര്‍ടിസി യാത്രക്കാരായ മൂന്നുപേരുമുൾപ്പെടെ ഒമ്പത് പേർ മരിച്ച അപകടത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തും ഗുരുതര വീഴ്ചയെന്നു കണ്ടെത്തൽ. നാറ്റ്പാക് (നാഷണല്‍ ട്രാന്‍സ്‌പോര്‍ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച് സെന്റര്‍) അന്വേഷണ റിപോര്‍ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അമിത വേഗത്തിലായിരുന്ന കെഎസ്‌ആര്‍ടിസി ബസ് പെട്ടെന്ന് വേഗത കുറയ്ക്കുകയും നടുറോഡില്‍ നിര്‍ത്തുകയും ചെയ്തത് അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് റിപോര്‍ടില്‍ വ്യക്തമാക്കുന്നു. അപകടത്തിന്റെ പ്രാഥമിക ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ തന്നെയാണ്. കെഎസ്‌ആര്‍ടിസി ബസിനും ടൂറിസ്റ്റ് ബസിനും ഇടയിലുണ്ടായിരുന്ന കാറിന്റെ ഭാഗത്തും വീഴ്ചയുണ്ടായി. അമിത വേഗത്തില്‍ പോകേണ്ട ട്രാകിലൂടെ കാര്‍ സഞ്ചരിച്ചത് 50 കി.മീറ്റര്‍ വേഗതയിലാണ്. ദേശീയപാതയില്‍ വഴിവിളക്കുകളും റിഫ്‌ളെക്ടറുകളും ഇല്ലാത്തതും അപകടത്തിന് വഴിവച്ചെന്ന് റിപോര്‍ടില്‍ പറയുന്നു.

കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ പിഴവും അപകടത്തിനു കാരണമായതായി മുന്‍പേ തന്നെ ആക്ഷേപമുണ്ടായിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനും ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാറ്റ്പാക് റിപോര്‍ടിലും അദ്ദേഹത്തിനെതിരെ പരാമര്‍ശം വന്നത്. അപകടത്തിനു തൊട്ടുമുന്‍പ് 97.7 കിലോമീറ്റര്‍ വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസ് ഓടിയിരുന്നത് എന്ന് ജിപിഎസ് അടിസ്ഥാനമാക്കി കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ അതിനേക്കാള്‍ വേഗതയിലാകും ടൂറിസ്റ്റ് ബസിനു മുന്നിലുണ്ടായിരുന്ന കെഎസ്‌ആര്‍ടിസി ബസ് സഞ്ചരിച്ചിരുന്നത് എന്നാണ് കണ്ടെത്തല്‍. അപകട സ്ഥലത്തിനു മുന്‍പുള്ള ടോളിലും കെഎസ്‌ആര്‍ടിസി ബസായിരുന്നു മുന്നില്‍. അതിനു പുറമെ, ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതും അപകടത്തിനു കാരണമായെന്നാണ് റിപോര്‍ട്ട്. ഇടതുവശത്തേക്കു ചേര്‍ത്ത് നിര്‍ത്തുന്നതിനു പകരം ഏതാണ്ട് റോഡിനു നടുവിലാണ് ബസ് നിര്‍ത്തിയത്. ഇരു ബസുകള്‍ക്കും ഇടയിലുണ്ടായിരുന്ന കാറിന്റെ വേഗത കുറവായിരുന്നതും അപകടത്തിനു കാരണമായെന്ന കണ്ടെത്തലും റിപോര്‍ട്ടിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K