16 October, 2022 08:03:42 PM


'ചെയ്യുന്നത് മന്ത്രവാദമല്ല, സ്വന്തം വിശ്വാസപ്രകാരമുള്ള പൂജകള്‍' - തങ്കമണിയിലെ റോബിന്‍



ഇടുക്കി: തങ്കമണിക്കടുത്ത് യൂദാഗിരിയില്‍ നടക്കുന്നത് മന്ത്രവാദമെന്ന വാദം തള്ളി ആരോപണവിധേയനായ റോബിന്‍. താന്‍ തന്റെ വിശ്വാസം അനുസരിച്ചുള്ള പൂജകളാണ് ചെയ്യുന്നതെന്ന് മന്ത്രവാദ കേന്ദ്രം നടത്തുന്ന റോബിന്‍ ഒരു മാധ്യമത്തോട് പറഞ്ഞു. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുള്ള ഒന്നും ചെയ്യാറില്ല. തന്നെ കാണാനായി പരിചയമില്ലാത്ത ആളുകളെത്താറില്ലെന്നും കൂട്ടുകാരാണ് വരാറുള്ളതെന്നും റോബിന്‍ പറഞ്ഞു.

12 വര്‍ഷം മുന്‍പ് ഇവിടേക്കെത്തിയ റോബിന്‍ വീടിനോട് ചേര്‍ന്ന് മന്ത്രവാദ കേന്ദ്രം നടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഈ കേന്ദ്രത്തില്‍ ആടിനേയും കോഴികളേയും ബലി കൊടുക്കാറുണ്ടെന്നും നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്. ഈ മന്ത്രവാദ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചില വ്‌ളോഗര്‍മാര്‍ പകര്‍ത്തി ഒരു വര്‍ഷം മുന്‍പ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിനെ പിന്നാലെ പല തവണ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണം.

ഇലന്തൂര്‍ നരബലി ചര്‍ച്ചയായിട്ടും ഈ മന്ത്രവാദ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് വിമുഖത കാണിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ ഈ മന്ത്രവാദ കേന്ദ്രത്തിലേക്ക് പൂജയ്ക്കായി നിരവധി പേരാണ് എത്താറുള്ളത്. മന്ത്രവാദ കേന്ദ്രത്തില്‍ നിന്നും കോഴിയുടേയും ആടിന്റേയും അലര്‍ച്ച കേള്‍ക്കാറുണ്ടെന്നും ഇത് പരിസരവാസികള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K