17 September, 2022 12:51:42 AM
പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു; ആടിനെ കുത്തിവെച്ച് കൊന്നു
ആലപ്പുഴ: പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച ആടിനെ കുത്തിവെച്ച് കൊന്നു. ആലപ്പുഴ വണ്ടാനത്താണ് സംഭവം. പേവിഷം ബാധിച്ചെന്ന് വ്യക്തമായതോടെ കുത്തിവെച്ച് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
ബുധനാഴ്ച മുതൽ പേവിഷബാധ ലക്ഷണങ്ങൾ കാണിച്ച ആടിനെ കൂട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ആലപ്പുഴ ഡെൻറൽ കോളജ്, നഴ്സിങ് കോളജ്, പിജി ഡോക്ടർമാരുടെ ഹോസ്റ്റൽ എന്നിവയുടെ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.
കഴിഞ്ഞ ദിവസം തൃശൂർ എച്ചിപ്പാറയിൽ പേയിളകിയ പശുവിനെ വെടിവെച്ചു കൊന്നിരുന്നു. എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്റെ പശുവിനാണ് പേവിഷബാധയേറ്റത്. നിരീക്ഷണത്തിലായിരുന്ന പശുവിനെ പേവിഷ ബാധ സ്ഥിരീകരിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പേയിളകിയതിൻറെ ലക്ഷണങ്ങൾ കാണിച്ച പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു.
തുടർന്ന് പൊലീസ്, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പശുവിനെ വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചു. വെറ്റിനറി ഡോക്ടർ പശുവിന് പേവിഷബാധയേറ്റതായി സർട്ടിഫിക്കറ്റ് നൽകുകയും തുടർന്ന് വെടിവെക്കാൻ ലൈസൻസുള്ള വടക്കൊട്ടായി സ്വദേശി ആൻ്റണിയെത്തി പശുവിനെ വെടിവെക്കുകയായിരുന്നു.
വരന്തരപ്പിള്ളി എസ്.ഐ. എ.വി. ലാലു, വെറ്റിനറി സർജൻ ഡോ. റോഷ്മ, ചിമ്മിനി റേഞ്ച് ഓഫീസർ അജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്.